“അമ്മച്ചീ, ഇത്രേം നാൾ അമ്മച്ചി ഇവൾക്ക് അമ്മയായി. ഇനി ഇവൾ എന്റെ കൊച്ചുങ്ങടെ അമ്മയാവട്ടെ ന്ന് ഞാനങ്ങു വച്ചു. ന്താ വേണ്ടേ, അമ്മച്ചി പറ.” ശാരിക നാണിച്ചു കൂമ്പി അവനെ ഉന്തി തള്ളാൻ നോക്കി. ഇടിച്ചും കടിച്ചും പ്രതിഷേധിച്ചു.
“മോൾക്ക് ഇഷ്ടാണെങ്കിൽ എന്റെ ഭാഗ്യം കുഞ്ഞേ. നിങ്ങളെ പോലെ ചേർച്ചയുള്ള ഒരാളേം ഈ അമ്മച്ചി കണ്ടിട്ടില്ല മക്കളെ. ചാവുന്നതിനു മുമ്പ് ഇവൾക്കൊരു കൈ കൂട്ട് ണ്ടാകുമോ ന്ന് പ്രാർത്ഥിക്കാത്ത ദിവസം ഇല്ല.” അവർ കണ്ണുകൾ ഒപ്പി. വാഹിദ് അവരെയും തന്നോട് ചേർത്തു.
“അമ്മച്ചിയുടെ സമ്മതമേ എനിക്ക് വേണ്ടൂ. അമ്മച്ചിയുടെ മോളെ എനിക്ക് അത്രക്ക് ഇഷ്ടമാ. ഇഷ്ടം ന്ന് പറഞ്ഞാ ഓരോ ശ്വാസവും അവൾക്ക് വേണ്ടിയാണിപ്പോ. അത്രയ്ക്ക് ജീവനായിപ്പോയി. അതോണ്ട് അമ്മച്ചി വേഗം സമ്മതിച്ചോ, അല്ലെങ്കിൽ സമ്മതം ഇല്ലാതെ തന്നെ ഞാനങ്ങു തൂക്കിയെടുത്തു കൊണ്ടോവും ട്ടാ.”
അന്നമ്മ അവരെ രണ്ട് പേരെയും ചേർത്തു പിടിച്ചു. അവരുടെ കണ്ണ് നിറഞ്ഞു, ശാരികയുടെയും.
“മോൾക്കും അങ്ങനാണോ മോളെ.” അവർ ഒരു വിശ്വാസത്തിനെന്ന പോലെ അവളോട് ചോദിച്ചു. അവൾ ഒന്നും പറഞ്ഞില്ല, പകരം തന്റെ പ്രണയം തന്റെ പ്രിയപ്പെട്ടവൻ ഔദ്യോഗികമായി വിളംബരം ചെയ്ത സന്തോഷം കൊണ്ട് അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കെട്ടിപ്പിടിച്ചു കണ്ണും മുഖവും ആ നെഞ്ചിൽ ഉരച്ചു. ഇടയ്ക്ക് അവൾ അന്നമ്മയോട് പറഞ്ഞു.
” എന്നെയെങ്ങാനും പറ്റിച്ചാൽ ഞാൻ ചത്തുകളയും ന്ന് പറ അമ്മച്ചീ. ഞാൻ പറഞ്ഞാ പറഞ്ഞതാ ന്ന് അങ്ങ് പറയ് അമ്മച്ചീ. സത്യമാ പറയുന്നേ. എന്നെ കൊലയ്ക്ക് കൊടുക്കല്ലേ ന്ന് പറയ് അമ്മച്ചീ.. ” അവൾ അവനെ ബലമായി കെട്ടിപ്പിടിച്ചു. അന്നമ്മയ്ക്ക് സന്തോഷമായി, അവർ അവളെ വാത്സല്യതോടെ പുറത്തു തഴുകി.

Super story vakukalilla muthe