ഇവൾക്ക് ഇത്ര ഭംഗിയുണ്ടായിരുന്നോ? നാശം ലോകത്തുള്ള എല്ലാ പെണ്ണുങ്ങളും സുന്ദരികൾ ആണല്ലോ ദൈവമേ. അവളെ കണ്ടപ്പോൾ ശാരികയിൽ ഒരു ശങ്കയുണ്ടായി, വാഹിദ് അവളെ ശ്രദ്ധിക്കുന്നുണ്ടോ, താൻ അറിയാതെ അവളെ നോക്കുന്നുണ്ടോ എന്നൊരു കുശുമ്പ് അവളിൽ ഉടലെടുത്തു.
ഒരുപ്രത്യേക ഭംഗിയുള്ള പെണ്ണ്. ആണുങ്ങൾക്ക് ഇതുപോലുള്ള ശരീരം കണ്ടാൽ ആർത്തി തോന്നുമെന്ന് ഏത് പെണ്ണിനും എളുപ്പം മനസ്സിലാകും. തന്റെ മനോവിഷമം പുറമേ കാണിച്ചില്ലെങ്കിലും അവൾ രാധയുടെ ബിഹേവ് ശ്രദ്ധിച്ചു കൊണ്ട് നിന്നു. വാഹിദിനെ കണ്ടപ്പോൾ ആ കണ്ണിലൊരു തിളക്കം മിന്നിമാഞ്ഞത് അവൾക്ക് എളുപ്പം മനസ്സിലായി.
അത് തന്നെയായിരുന്നു അവളുടെ അങ്കലാപ്പും. അവരുമായി സംസാരിച്ചു തുടങ്ങിയപ്പോൾ ആദ്യമുണ്ടായിരുന്ന ഭയവും ഭക്തിയും ഒന്ന് കുറഞ്ഞു രാധ അല്പം സ്വാഭാവിക മനോനിലയിലേക്ക് വന്നു.
“മാഡം, മാഡത്തെ കാണാൻ എന്ത് ഭംഗിയാ. ഈ ഡ്രെസ്സിൽ അടിപൊളിയായിട്ടുണ്ട്.” രാധ നിഷ്കളങ്കതയോടെ പറഞ്ഞു. ശാരിക നിന്നു പൂത്തുലഞ്ഞു. കവിൾ സന്തോഷം കൊണ്ട് ചുവന്നു. രാധയോട് അവൾക്കൊരു സ്നേഹം തോന്നി. അവൾ കുസൃതി കലർന്ന ഒരു ജാഡ അഭിനയിച്ചു വാഹിദിനെ നോക്കി മുഖം ചുളിച്ചു. അവൻ ആ നേരം പോക്ക് ആസ്വദിച്ചു ചിരിച്ചു.
“രാധ ഒന്നുകൂടി നോക്കിയേ. എന്നിട്ട് ശരിക്ക് പറ, ഇവിടെ ആർക്കാ ഗ്ലാമർ എന്ന്.” വാഹിദ് അവളെ ഒന്ന് കളിയാക്കാൻ വേണ്ടി രാധയോട് പറഞ്ഞു.
“എന്റെ സാറേ, എന്റെ ഉള്ള ജോലി കളയല്ലേ. അതറിയണമെങ്കിൽ ഒന്ന് തിരിഞ്ഞു നോക്കിയാൽ പോരെ.” അവൾ ചിരിച്ചു. അത് കേട്ടതും ശാരിക പെട്ടന്ന് തിരിഞ്ഞ് പിന്നിലേക്ക് നോക്കി. ആ സെക്ഷനിൽ ജോലി ചെയ്യുന്ന എല്ലാ ചെറുപ്പകാരികളും അവനെ നോക്കുന്നു. ശാരിക നോക്കുന്നത് കണ്ടപ്പോൾ അബദ്ധം കൈയോടെ പിടിക്കപ്പെട്ടത് പോലെ അവർ പെട്ടന്ന് നോട്ടം മാറ്റുന്നത് അവൾ കണ്ടു.

Super story vakukalilla muthe