പക്ഷേ ശാരി..
കുളികഴിഞ്ഞു മുടിയുണക്കുകയായിരിക്കും കുരുത്തം കെട്ട കാന്താരി. അവന്റെ ചുണ്ടിൽ നേർത്ത ഒരു പുഞ്ചിരി മിന്നി മാഞ്ഞു. എന്തൊരു പെണ്ണാണവൾ. എത്രയോ വലിയ പണക്കാരി, കോടീശ്വരി. സൗന്ദര്യത്തിന്റെ സ്ത്രീ രൂപം. അനാഥയാണ് എന്നൊരു അരക്ഷിതാവസ്ഥ ഒഴികെ, ഈ ലോകത്ത് ഏറ്റവും ഭാഗ്യം ചെയ്ത എല്ലാം തികഞ്ഞ പെണ്ണ്. എന്നിട്ടും അവൾ എത്ര ആത്മാർത്ഥമായിട്ടാണ് തന്നെ പ്രണയിക്കുന്നത്.
ഓരോ സംസാരത്തിലും എന്തെങ്കിലും അവൾക്ക് കണ്ണ് നനഞ്ഞു പറയാൻ ഉണ്ടാവും. ഹൃദയം ആർദ്രമായിട്ടല്ലാതെ അവൾക്ക് തന്നോട് കൊഞ്ചാനും അപേക്ഷിക്കാനും വാശിപിടിക്കാനും സാധിക്കുന്നില്ല. ആർജ്ജവവും തന്റേടവും കരുതും ധീരതയും വ്യക്തിത്വത്തിന്റെ ഭാഗമായിരുന്ന താൻ എന്തുമാത്രം പ്രണയാതുരനായിപ്പോയി എന്ന് വാഹിദ് ചിന്തിച്ചു പോയി.
എത്രയോ രാജകുമാരന്മാർ പിന്നാലെ നടന്നിട്ടും, എത്രയോ പണച്ചാക്കുകൾ വശികരിച്ചിട്ടും തന്റെ ആത്മഭിമാനം കൈവിടാത്ത സ്ത്രീ, എന്നിട്ടും അവൾക്ക് തന്നെക്കാൾ വലുതായി ഈ ലോകത്ത് ഒന്നുമില്ലാതായിരിക്കുന്നു. അല്ല, അവൾ എനിക്കൊരു കൊച്ചു പെൺകുട്ടിയല്ലേ, സ്ത്രീയല്ലല്ലോ. അതെ, അവന്റെ കാമുകിയാണവൾ, ഒരു സ്ത്രീയല്ല.
ദൂരെയുള്ള തേയില തോട്ടത്തിലെ പാതയിലൂടെ ചരക്കെടുക്കാൻ പോകുന്ന വാഹനങ്ങൾ ചിലത് കാണാം. അതിൽ ട്രാക്ടർ ഉണ്ട്, ലോറികളുണ്ട്, ചെറിയ പിക്കപ്പുകൾ ഉണ്ട്. മലമുകളിൽ നിന്ന് കോടമഞ്ഞ് താഴ്‌വരയിലേക്ക് ഇറങ്ങിവരാൻ മടിക്കുന്നത് പോലെ മലമുടികളിൽ സംശയിച്ചു നിൽക്കുന്നു. ആകാശവും ഭൂമിയും ആലിംഗനം ചെയ്യുന്ന സുന്ദരമായ കാഴ്ച്ച.
