ഏതാണ്ട് ഒരു പത്തമ്പത് മീറ്റർ അകലം പാലിച്ചു നാലഞ്ച് പേര് അവരെ ഫോളോ ചെയ്തു കൊണ്ടിരുന്നു. ഹെൽമറ്റ് ധരിച്ചതിനാൽ അവരെ തിരിച്ചറിയാൻ വാഹിദ്ന് കഴിഞ്ഞില്ല. ഒരു വളവ് തിരിഞ്ഞപ്പോൾ വാഹിദ് ബൈക്ക് സൈഡ് ആക്കി നിർത്തി. എന്നിട്ട് വണ്ടിയിൽ നിന്ന് ഇറങ്ങി.
“ഇക്കാ വേണ്ടിക്കാ. നമുക്ക് പോകാം. എനിക്ക് പേടിയാവുന്നു. വേഗം കേറൂ, നമുക്ക് പോകാം.” അവൾ കരച്ചിലിന്റെ വക്കിലെത്തി. അപ്പോഴേക്കും വളവ് തിരിഞ്ഞു അവരുടെ വണ്ടികളും കൂട്ടത്തോടെ വന്ന് കുറച്ച് മുമ്പോട്ട് കടന്ന് പോയിട്ട് ബ്രേക്കിട്ടതിന് ശേഷം അഞ്ചുപേരും ബൈക്കിൽ നിന്നിറങ്ങി ഹെൽമറ്റ് അഴിച്ചു ഹാൻഡിലിൽ വച്ചു ഷർട്ടിനു പുറകിൽ നിന്ന് ക്രിക്കറ്റ് സ്റ്റമ്പ് പുറത്തേക്ക് എടുത്തു. ശാരിക വണ്ടിയിൽ നിന്നിറങ്ങി അവന്റെ അടുത്തേക്ക് വന്ന് കൈയിൽ പിടിച്ചു വലിച്ചു.
“ഇക്കാ വേണ്ട ഇക്കാ. വഴക്ക് വേണ്ട, വാ നമുക്ക് തിരികെ ഫെക്ടറിയിലേക്ക് പോകാം. അവിടെ ല്ലാരും ണ്ടല്ലോ.” അവൾ കരയാൻ തുടങ്ങി.
“നിക്ക് പെണ്ണേ. നമുക്കറിയണ്ടേ ഇവർ ആരാണെന്ന്. എന്തിനാ ഈ പുറപ്പെട്ടു വന്നത് ന്ന്. അല്ലെങ്കിൽ ആരാ എന്താ എന്നറിയാതെ ഇതുപോലെ വീണ്ടും അവർ നമ്മെ തേടി വരും.”
അവൻ അവളെ ബൈക്ക്ന്റെ അടുത്തേക്ക് തന്നെ കൊണ്ട് ചെന്ന് നിർത്തി തന്നിലേക്ക് വന്നുകൊണ്ടിരുന്ന യുവാക്കളുടെ അടുത്തേക്ക് നടന്നു. ശാരികയിൽ നിന്ന് അകലം സൂക്ഷിക്കാൻ അവൻ ശ്രദ്ധിച്ചു. അവർക്ക് എളുപ്പം അവളെ കൈവെക്കാൻ സാധിക്കരുത്. യുവാക്കൾ നിന്നു, വാഹിദ് അവരുടെ അടുത്തേക്ക് നടന്ന് വരുന്നത് കണ്ട് അവരൊന്നു പരുങ്ങി. തങ്ങളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുമെന്ന അവരുടെ വിശ്വാസത്തെ തകർത്തു കളഞ്ഞു അവന്റെ ആ നീക്കം.
