മൂക്ക് ചീറ്റുന്ന ശബ്ദം ദൈവത്തോട് സ്നേഹത്തിന്റെ പരിഭവം പറച്ചിൽ പോലെ ഇടക്കിടക്ക് കേൾക്കാം. അവർ അവളെ പതുക്കെ തട്ടി വിളിച്ചു. ആരാണെന്ന് അറിയാതെ ഭയന്ന് വിറച്ച മുഖത്തോടെ അവൾ തല ഉയർത്തി നോക്കി. അന്നമ്മച്ചി ചുണ്ടിൽ വിരൽ ചേർത്തു അനങ്ങണ്ട കിടന്നോ എന്ന് അംഗ്യം കാണിച്ചു.
അവൾ അവന്റെ നെഞ്ചിൽ നിന്ന് കൈമാറ്റി അവർക്ക് കാണിച്ചു കൊടുത്തു. അവിടെ വടികൊണ്ട് തല്ലു കൊണ്ടത് പോലെ ചുവന്ന പാട്. അത് നോക്കി അവൾ വിതുമ്പാൻ തുടങ്ങി. കണ്ണിൽ ഊറിക്കൂടിയിരുന്ന ഒരു കടൽ കവിളിലേക്ക് പൊട്ടിയൊഴുകി.
” അമ്മച്ചീടെ മോള് വന്ന് ആ വാതിൽ കുറ്റിയിട്ടേര്. എങ്ങാനും ഉറങ്ങിപ്പോയാൽ. ആരാ എന്താ ന്നൊന്നും അറിയാത്ത ആൾക്കാർ അല്ലേ. എങ്ങാനും അന്വേഷിച്ചു വന്നാലോ. ഉണരുമ്പോ രണ്ടാളും കഞ്ഞികുടിക്ക് ട്ടോ. ”
അവർ അവളുടെ മുടിയിൽ തലോടി. അവൾ തലയാട്ടി, എഴുന്നേറ്റ് അവരുടെ പിന്നാലെ ചെന്നു. അന്നമ്മ മുറിയിൽ നിന്ന് ഇറങ്ങിയപ്പോൾ വാതിൽ കുറ്റിയിട്ടു. പിന്നെ വീണ്ടും അവനോട് ഒട്ടിക്കിടന്ന് അവന്റെ വയറിലും നെഞ്ചിലും രോമങ്ങൾക്കിടയിലൂടെ വിരലോടിച്ചു പതുക്കെ തലോടിക്കൊണ്ടിരുന്നു.
“നിനക്ക് ഉറക്കം വരുന്നില്ലേ.”
വഹിദിന്റ ചോദ്യം കേട്ട് അവൾ തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി. കണ്ണടച്ചു കിടപ്പാണ്.
“അപ്പൊ ഇക്ക ഉറങ്ങിയില്ലായിരുന്നോ?”
“ചെറുതായൊന്നു കണ്ണടഞ്ഞു പോയിരുന്നു. ഉറങ്ങാൻ time ഒന്നും ആയില്ലല്ലോ”. അവൻ ചരിഞ്ഞു കിടന്ന് ഒരുകാലെടുത്തു അവളെ ചുറ്റി പിടിച്ചു.
“ഞാൻ കരുതി ആശാൻ നല്ല ഉറക്കം ആണെന്ന്. നല്ല വേദനയുണ്ടോ ഇക്കാ.”?
