“മിസ് എലിസബത്നെന്താ ഈ വീട്ടിൽ കാര്യം.”അവന്റെ തമാശ പറച്ചിൽ പിന്നിൽ നിന്ന് കേട്ടപ്പോൾ sitout ൽ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്ന എലിസബത്ത് തിരിഞ്ഞു നോക്കി. മുഖം കാർമുകിൽ മൂടിയ ആകാശം കണക്കെ ഒരു കരച്ചിൽ മൂടിക്കെട്ടി നിന്നിരുന്നു.
“Nothing. ഇന്നലെ ചേട്ടൻ പറഞ്ഞു നിങ്ങളെ ആരോ ആക്രമിച്ചു, തല്ല് കൊണ്ടു എന്നൊക്കെ. അപ്പൊ ഒന്ന് വന്നു കാണാം ന്ന് കരുതി. ഒരു ഫ്രണ്ടിനെ കാണാൻ പോകുന്ന വഴിക്ക് ഈ വഴി..” അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.
“ഇതെന്താ ഇവിടെ നിൽക്കുന്നെ. വന്നിട്ട് ഒരു ഗ്ലാസ് പച്ചവെള്ളം പോലും ആരും തന്നില്ലേ.” അവൻ അഥിതി മര്യാദയോടെ അൽപ്പം തമാശ രൂപത്തിൽ ചോദിച്ചു.
“അതിന് വന്നു കേറിയത് നേരെ ഉറങ്ങി കിടക്കുന്ന ഇക്കയുടെ മുറിയിലോട്ട് അല്ലേ. ഞാൻ ജസ്റ്റ് ജാലകത്തിലൂടെ ഒരു മിന്നായം പോലെ കണ്ടതേയുള്ളൂ.” അമർഷം കടിച്ചു പിടിച്ചു ശാരിക പറഞ്ഞു. അപ്പോഴാണ് എലിസബത്ത് ശ്രദ്ധിച്ചത്, അവൾ വാഹിദിന്റ തൊട്ടടുത്തു നിൽക്കുവാണ്. ശരിക്കും എന്തൊരു ചേർച്ചയാണ് രണ്ടുപേരും. തന്നെക്കാൾ ഒരു പൊടിക്ക് പൊക്കം കൂടുതൽ ശാരികയ്ക്കുണ്ട്. അവളുടെ തലയുടെ അറ്റം അവന്റെ ഷോൾഡറിന് തുല്യമായി നിൽക്കുന്നു. അവൾക്ക് അസൂയ തോന്നി.
“നീ കരഞ്ഞോ? ന്താ കാര്യം. മുഖം വല്ലാണ്ടിരിക്കുന്നല്ലോ.” വാഹിദ് അവളുടെ അടുത്തേക്ക് ചെന്നു. ഒപ്പം ഒരു യന്ത്രം കണക്കെ ധൃതിപ്പെട്ടു ശാരികയും അവനോട് തൊട്ടുരുമ്മി നീങ്ങി.
“നിങ്ങൾ മാഡത്തിന്റെ സ്റ്റാഫ് മാത്രം ആകും എന്നാ ഞാൻ കരുതിയെ. നിങ്ങൾ തമ്മിൽ ബന്ധത്തിൽ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. ആ വിചാരം കൊണ്ടാ നേരെ മുറിയിലേക്ക് വന്നത്.” എലിസബത് ഒരു കുറ്റവാളിയെ പോലെ തലതാഴ്ത്തി.
