“ആണോ.. അങ്ങനെ ചെയ്തോ. അപ്പൊ ഈ എരുമയെ പറഞ്ഞിട്ട് കാര്യമില്ല ട്ടോ. അവളുടെ പ്രോപ്പർട്ടിയിൽ കേറി കൈവച്ചാൽ പിന്നെ ചൂടാവില്ലേ ചുണ്ടെലി.” അവൻ ശാരികയെ ന്യായീകരിച്ചു.
“അയ്യോ ഇല്ല.. ഞാൻ തലോടിയില്ല..” വെപ്രാളത്തോടെ എലിസബത്ത് നിഷേധിച്ചു.
“ചെയ്തു. ഞാൻ കണ്ടതാ. ന്തിനാ തൊടുന്നെ.” കുട്ടികൾ ശരീരം ഞെട്ടിച്ചു കൊണ്ട് വാശിപിടിക്കുന്ന പോലെ അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കെറുവിച്ചു. ” എന്നെ ഒരുത്തനെയും ഞാൻ തൊടാൻ വിട്ടിട്ടില്ല. പിന്നെന്തിനാ ഇക്കയെ തൊടുന്നെ. ” അവൾ ദേഷ്യത്തിൽ തന്നെ ഉറച്ചു നിന്നു. അത് കണ്ട് വാഹിദും അത്രനേരവും വിഷാദം പൂണ്ടു നിന്നിരുന്ന എലിസബത്തും അറിയാതെ ചിരിച്ചു. എലിസബത്ത് മുന്നോട്ട് ചെന്നു പുറകിലൂടെ കൈകടത്തി വട്ടം ചുറ്റി ശാരികയെ കെട്ടിപ്പിടിച്ചു.
” ന്റെ പൊന്നോ.. എനിക്കെങ്ങും വേണ്ടായേ ഈ ഇക്കയെ. എനിക്കൊരാബാദ്ധം പറ്റി. ഇക്കയുടെ ബീവിയങ്ങു പൊറുത്തേക്ക്. ” ശാരികയുടെ പിന്നിൽ, ഷോൽഡറിൽ കവിൾ ചേർത്തു ചാരി നിന്നുകൊണ്ട് എലിസബത്തു കളിയാക്കി.
“ഓഹ്.. അല്ലേൽ ഞാൻ തന്നിട്ട് വേണ്ടേ.. എനിക്ക് ആരൂല്ല, ഇക്കയല്ലാതെ. ഞാൻ മരിച്ചിട്ടല്ലാതെ ഇക്കയെ ആരും പ്രതീക്ഷിക്കണ്ട. ഇന്നലെ തല്ലാൻ വന്നവന്മാർക്ക് എന്നെയങ്ങു കൊന്നിട്ട് പോയാൽ മതിയായിരുന്നു.” അത് കേട്ട് രണ്ടുപേരും വല്ലാതായി.
“മാഡം, എന്തൊക്കെയാണ് ഈ പറയുന്നത്. ഇതാ പറയുന്നത്, കണ്ണിൽ കണ്ടവനെയൊക്കെ കേറിയങ്ങു പ്രേമിക്കണം, എക്സ്പീരിയൻസ് വേണം ന്ന്.. അല്ലേൽ ഇത് പോലാവും ന്ന്.” എലിസബത്ത് തമാശയായി പറഞ്ഞു.
