“കേറി പോരെടാ.” അകത്തു നിന്ന് ഒരു പുരുഷ ശബ്ദം ഉയർന്നു. ചാമി വാതിൽ തള്ളിത്തുറന്നു അകത്തേക്ക് കടന്നു. നല്ല വലിപ്പമുള്ള ഏറുമാടം. അഞ്ചോ ആറോ പേർക്ക് സുഖമായി കഴിഞ്ഞു കൂടാം. പുറത്തെ അസ്ഥിതുളക്കുന്ന കാട്ടുകുളിർ പേരിനു മാത്രമേ അകത്തേക്ക് നുഴഞ്ഞു കയറുന്നുള്ളൂ. തങ്ങളുടെ മൺകുടിൽ പോലെ നല്ല ഉറപ്പുള്ള കൂടാരം തന്നെ. ആ മാടത്തിന്റെ അകം വശത്തു ഫ്ലോർ പുറത്തുള്ളത് പോലെ മരക്കമ്പുകൾ കൊണ്ടുള്ളതല്ല ഏതോ നല്ല ഉറപ്പുള്ള മരത്തിന്റെ കട്ടിയുള്ള പലക നിരത്തിയത് ആണെന്ന് അവൻ മനസ്സിലാക്കി. ഒരു മരത്തിന്റെ മുകളിൽ ആണെന്ന് തോന്നാത്ത വിധം ഏതോ വീടിന്റെ മുറിയിൽ നിൽക്കുന്ന അതെ സുഖത്തോടെ കഴിയാൻ പാകത്തിൽ തയ്യാറാക്കിയ മരക്കൂടാരം. മധ്യ ഭാഗത്ത് ഒരു മേശയും ചുറ്റും നാല് കസേരയും. അതിനപ്പുറം നിലത്ത് ഒരു കിടക്കയും തലയിണകളും. മേൽക്കൂരയുടെ ഒരു കോണിൽ തൂക്കിയിട്ടിരിക്കുന്ന വലിയ മണ്ണെണ്ണ വിളക്ക്. തുടച്ചു വൃത്തിയാക്കിയ അതിന്റെ ഗ്ലാസ്കവറിൽ വട്ടം ചുറ്റി പറക്കുന്ന ഇയ്യാം പാറ്റകൾ.
“നിന്ന് വാ പൊളിക്കാതെ സാധനം ഇറക്കി വെക്കേടോ.” നിലത്ത് ഇരിക്കാൻ വേണ്ടി തയ്യാറാക്കിയ ചാക്ക്കെട്ടിൽ ചാരിയിരിക്കുന്ന കഷണ്ടിക്കാരൻ പറഞ്ഞു. കട്ടിമീശയും മുൻവശം നഗ്നമായ തലയും താടി ക്ളീൻഷേവ് ചെയ്ത വൃത്തിയുള്ള മുഖവും, നഗ്നമായ മേൽശരീരത്തിൽ കഴുത്തിൽ തിളങ്ങുന്ന സ്വർണ്ണമാലയും അയാളിലെ സമ്പന്നനെ വ്യക്തമാക്കുന്നുണ്ട്.
ജോർജ് മുതലാളി.!
താൻ ജോലി ചെയ്യുന്ന കഞ്ചാവ് തോട്ടത്തിന്റെ ഉടമ. കൂടെയുള്ളവരെ ചാമി ഒന്ന് കണ്ണോടിച്ചു നോക്കി. നാലുപേരിൽ എല്ലാവരും ഏതാണ്ട് അങ്ങനെയൊക്കെ തന്നെയുള്ളവർ. ചാമി അരയിൽ നിന്ന് ഇലയിൽ പൊതിഞ്ഞ ഒരു കെട്ട് പുറത്തേക്ക് എടുത്തു അവരുടെ നേരെ നീട്ടി. ഒപ്പം കഴുത്തിൽ കയറിൽ കെട്ടി രണ്ട് ഭാഗത്തേക്ക് തൂക്കിയിട്ടിരുന്ന കുപ്പികൾ ഇറക്കി നിലത്തേക്ക് വച്ചു. കാട്ടുവാറ്റും കഞ്ചാവും.
