കാട്ടുമുത്തപ്പാ.. ചേച്ചി..!
അവന്റെ തൊണ്ടയിൽ നിന്നൊരു അലർച്ച ആ രാപ്പുടവ ചുറ്റിയ ആരണ്യകത്തിന്റെ നിശബ്ദയെ പിച്ചിച്ചീന്തി വിദൂരതകളിലേക്ക് അലയടിച്ചു. ഏതൊക്കെയോ ചില്ലകളിൽ നിന്ന് അനവധി രാക്കിളികൾ ഞെട്ടിപ്പിടഞ്ഞു ചിറകടിച്ചു പറന്നു പോയി. രാമഞ്ഞിൽ തണുത്ത് തൂങ്ങിക്കിടക്കുന്ന നിശ്ചലമായ തന്റെ ചേച്ചിയുടെ ഭീഭത്സമായ ശരീരത്തിന് മുന്നിൽ മുട്ടുകുത്തിയിരുന്നു വാവിട്ടു കരഞ്ഞു. ഇനിയും പാതിരാവ് തീണ്ടിയിട്ടില്ലാത്ത കാനനയൗവ്വനത്തിന്റെ വന്യമായ ഇരുളിമയിൽ അജ്ഞാതമായ രഹസ്യങ്ങൾ ഗോപ്യമാക്കി നിർത്തിയ നിശ്ചലതയിൽ, നിതാന്ത ശാന്തതയിൽ, മഞ്ഞ് നനഞ്ഞകാട്ടിൽ മരം പെയ്യുന്ന ശബ്ദങ്ങൾ മാത്രം അവിരതം മുഴുങ്ങിക്കൊണ്ടിരുന്നു. ചാമിയുടെ പിന്നിൽ, കുറ്റിക്കാട്ടിൽ അസംഖ്യം കണ്ണുകൾ തിളങ്ങുകയും അമർത്തിപ്പിടിച്ച അമറലുകൾ ഉയരുകയും ചെയ്തു. തന്നെ ഈ ലോകത്ത് തനിച്ചാക്കിയ തന്റെ എല്ലാമായിരുന്ന ചേച്ചിയെ കാട്ടുനായ്ക്കൾക്ക് കടിച്ചു കീറാൻ വിട്ടുകൊടുത്ത്, ഇരുട്ട് പതിയിരിക്കുന്ന കാട്ടുവഴിയിലൂടെ ഒരു ഭ്രാന്തനെ പോലെ വാവിട്ട് നിലവിളിച്ചു കൊണ്ട് ചാമി എങ്ങോട്ടെന്നില്ലാതെ ഓടി ഇരുളിൽ മറഞ്ഞു.
( തുടരും )
