“ഹാ… അതോ… ദാണ്ടേ ഈ നിൽക്കുന്ന അമ്മേട പുന്നാര അമ്മുമോള് കാരണമാ…”
ഞാൻ ചിരിച്ചുകൊണ്ട് അമ്മുനെ നോക്കി പറഞ്ഞു. അവൾ ചെറിയ ഞെട്ടലോടെ എന്നെയും അമ്മയെയും നോക്കുന്നുണ്ട്. എന്നിട്ട് ഞാനല്ല എന്നപോലെ തലയാട്ടി.
“അവളെന്തോ ചെയ്ത് ചെക്കാ…?”
അമ്മയും സംശയം പ്രകടിപ്പിച്ചു.
“ആ… അത് രാവിലെ ഒരാളുടെ പിണക്കം മാറ്റാൻ പോയതാ… അപ്പൊ പിണക്കം മാറിയപ്പോൾ അമ്മൂസ് ചെറിയ സ്നേഹപ്രകടനം കാണിച്ചതാ..”
ഞാൻ ചെറിയ ചിരിയോടെ അവളെ ഇടക്കണ്ണിട്ട് നോക്കിക്കൊണ്ട് പറഞ്ഞു.
അമ്മു ആകെ ചമ്മിയ പോലെ നിൽക്കുന്നുണ്ട്. പല പല ഭാവങ്ങൾ മുഖത്ത് വരുന്നു. ഞാൻ ഡ്രസ്സിൽ അഴുക്കാക്കിയാൽ അമ്മ ചീത്ത പറയാറുള്ളത് അമ്മുന് അറിയാം. ഇടയ്ക്ക് അവളും ഒപ്പം കൂടി അമ്മയെ പ്രോത്സാഹിപ്പിക്കും. ഇടയ്ക്ക് എന്നെ സപ്പോർട്ട് ചെയ്യും.
അതറിയാവുന്നതുകൊണ്ട് ആൾ അമ്മയെ പല്ലിളിച്ചു കാണിക്കുന്നുണ്ട്. അമ്മയാണെങ്കിൽ അവളുടെ കാട്ടിക്കൂട്ടൽ കണ്ടിട്ട് ചിരിക്കണോ വേണ്ടയോ എന്ന് നോക്കി നിൽക്കുകയാണ്.
അമ്മയ്ക്ക് കാര്യം മനസ്സിലായി. അത് അമ്മുവിൻ്റെ കണ്ണിലും പുരികത്തിലും തേച്ച മഷി ആണെന്ന്…
അവളെ അമ്മയ്ക്ക് ഒറ്റിക്കൊടുത്തിട്ടു ഞാൻ നിന്ന് ചിരിക്കുന്നത് കണ്ടിട്ട് ആൾക്ക് ദേഷ്യം വരുന്നുണ്ട്. പക്ഷേ അമ്മ നിക്കുന്നതുകൊണ്ട് ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ. പണ്ടുമുതലേ അമ്മയെ ഭയങ്കര ബഹുമാനം ആണ് അവൾക്ക്. വല്യമ്മേ എന്ന് വിളിക്കുമ്പോൾ അവളുടെ വായിന്ന് തേൻ ഒലിക്കും..
“അയ്യോ… അത് സാരുല്ലാട്ടോ…. വല്യമ്മ കഴുകി വൃത്തിയാക്കിക്കോളാം… അല്ലെങ്കിലും നിൻ്റെ ചേട്ടന് ഡ്രെസ്സിൽ ഒന്നും വല്യ നോട്ടമില്ല. ഇപ്പോ അല്ലെങ്കിൽ ഇന്ന് തിരിച്ചെത്തുന്നതിന് മുമ്പ് അതിൽ ആകെ അഴുക്കാക്കും.”

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….