പെട്ടെന്നൊരു നിമിഷം ഞാൻ കണ്ണുകൾ അടച്ചു. എന്റെ ഇരുകൈകൾക്കുള്ളിൽ വിരിഞ്ഞ താമരപോലെ ഒരിക്കൽ അവളുടെ മുഖം കണ്ട നിമിഷം എന്റെ ഓർമയിൽ വന്നു. ആ കണ്ണുകൾ നിറഞ്ഞിരുന്നോ?
ഫോണിലേക്ക് മെസ്സേജ് വന്ന ശബ്‌ദം കേട്ട് ഞാൻ ഫോൺ എടുത്തു നോക്കി. അവസാനം ത്രിപ്പിൽ സെവൻ വരുന്ന ഒരു ഫോൺ നമ്പർ. ഞാൻ മെസ്സേജ് ഓപ്പൺ ആക്കി.
‘എന്നോട് ഒന്നും സംസാരിക്കേണ്ട. ഞാൻ പറയുന്നത് ഒരു മിനിട്ടു കേട്ടാൽ മാത്രം മതി. ഓക്കെ?’ ഈ മെസ്സേജിന് ഞാൻ റീപ്ലേ കൊടുക്കാൻ നിന്നില്ല.
പക്ഷെ കുറച്ചു നേരം കഴിഞ്ഞു അവളുടെ കാൾ വന്നു. ഞാൻ എടുത്തില്ല. വീണ്ടും കാൾ വന്നു. അവൾ എന്നോട് ചെയ്തത് ആലോചിക്കുമ്പോൾ എനിക്ക് കാൾ എടുക്കാൻ തോന്നിയില്ല. മൂന്നാമതും അവളുടെ കോൾ വന്നു. എന്റെ കൈകളിൽ വിടർന്ന താമരയെ കുറിച്ച് ആലോചിച്ചപ്പോൾ ഞാൻ പോലും അറിയാതെ കാൾ എടുത്തുപോയി.
‘ഞാനാണ് നജിയ, എന്നോട് ദേഷ്യം ആണെന്ന് അറിയാം. ഞാൻ മുമ്പു ഒരിക്കൽ ഒരാൾക്ക് ഒരു പ്രോമിസ് കൊടുത്തിരുന്നു. ഞാൻ നിയോഗങ്ങളിൽ വിശ്വസിക്കുന്നുണ്ട്. നമ്മൾ ഒന്നിക്കാൻ വിധിച്ചവർ ആണെങ്കിൽ ഇനി വീണ്ടും കണ്ടുമുട്ടും. അങ്ങനെ കണ്ടുമുട്ടിയാൽ ഞാൻ നിന്റേതു മാത്രമായിരിക്കും. ഇരുവരും പ്രതീക്ഷിച്ചിട്ടല്ലെങ്കിലും അത് സംഭവിച്ചിരിക്കുന്നു. ഞാൻ വരും നിന്നെ കാണാൻ.’
ഇത്ര മാത്രം പറഞ്ഞുകൊണ്ട് കാൾ കട്ട് ചെയ്തു. അവൾ പറഞ്ഞത് സത്യമല്ലേ? എനിക്ക് അങ്ങനെ ഒരു വാക്കു തന്നിരുന്നു. പക്ഷെ അവൾ എന്നോട് ചെയ്തത് ആലോചിക്കുമ്പോൾ എനിക്ക് ഒന്നും തിരിച്ചു പറയാൻ തോന്നിയില്ല. അന്ന് രാത്രി ഞാൻ കിടക്കുമ്പോൾ അവളെ കുറിച്ചോർത്തു. എത്രെയെല്ലാം ദേഷ്യം കാണിച്ചാലും ഉള്ളിന്റെ ഉള്ളിൽ അവളോടുള്ള പ്രണയം വെമ്പൽകൊള്ളുകയാണ്. മനസ്സിൽ അവളെ കാണരുതെന്ന് ഓർത്തു കണ്ണുകൾ അടച്ചു.