ആ സുഖത്തിൽ നിന്നും ഞെട്ടി ഉണർന്ന് നോക്കുമ്പോൾ, റോസിന്റെ മുഖത്ത് വല്ലാത്തൊരു ഭാവഭേദം. പേടിയാണോ അതോ ഞെട്ടലാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒന്ന്.
”എന്താ…?”
കൃതികയുടെ പതുങ്ങിയുള്ള ചോദ്യം…
എന്നാൽ അതിന് അവൾ മറുപടി തന്നത് തന്റെ ചൂണ്ടുവിരൽ ചുണ്ടോട് ചേർത്തായിരുന്നു..
അവളുടെ കണ്ണുകളിൽ ഭയം നിഴലിച്ചിരുന്നു.
ആ നീക്കത്തിൽ എന്തോ പന്തികേടുണ്ടെന്ന് തോന്നിയതും ഞാനും കൃതികയും ശ്വാസം പോലും വിടാതെ നിശബ്ദരായി.
ചുറ്റും പെട്ടെന്നൊരു മരണ നിശബ്ദത പടർന്നതുപോലെ… കാറ്റിന്റെ മർമ്മരം പോലും നിലച്ച ആ നിമിഷം.
ആ കനത്ത നിശബ്ദതയെ ഭേദിച്ചുകൊണ്ട് ദൂരെ നിന്നും ഒരു ഇരമ്പൽ ഒഴുകിയെത്തി.
അതൊരു വണ്ടിയുടെ ശബ്ദമായിരുന്നു!
ആരോ ഇങ്ങോട്ട് വരുന്നുണ്ട്…
ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ ആകാംക്ഷയോടെ നോക്കി.
മലയിലേക്കുള്ള ആ വഴി…
കട്ടപിടിച്ച കോടമഞ്ഞ് കാരണം അത് എവിടെയാണെന്ന് പോലും വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.
പക്ഷേ, ആ മഞ്ഞിന്റെ വെളുത്ത പുകച്ചുരുളുകൾക്കിടയിലൂടെ, രണ്ട് വെള്ള വെളിച്ചം തിളങ്ങി വരുന്നത് ഞാൻ കണ്ടു.
നിമിഷങ്ങൾ കഴിയുന്തോറും ആ പ്രകാശം തെളിഞ്ഞുവരുന്നതിനൊപ്പം, വണ്ടിയുടെ ഇരമ്പലും ഉച്ചത്തിൽ ഞങ്ങൾക്ക് നേരെ അടുത്തുകൊണ്ടിരുന്നു…
ആ വെളിച്ചം കണ്ടതും കൃതിക വെപ്രാളത്തോടെ ചാടി എഴുന്നേറ്റു. ശേഷം എന്നെയും വലിച്ച് എഴുന്നേൽപ്പിച്ചു.
പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു. ഞങ്ങളുടെ രണ്ട് പേരുടെയും കൈയ്യിൽ പിടിച്ച് വലിച്ച്, വഴിയരികിൽ കണ്ട അത്യാവശ്യം വലിപ്പമുള്ള ഒരു പാറയുടെ പിന്നിലേക്ക് അവൾ ഓടി.

ente ponnaliya ni oru sambavam thanne…..just like I’m living in this situation… nalla story telling man…oru maduppum illa…
nice please continue