മുൻവശത്തെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ നോക്കിയപ്പോൾ, ആമിയാണ്. അവൾ കോ-ഡ്രൈവർ സീറ്റിലേക്ക് കയറി ഇരുന്നു. അവളുടെ മുഖത്ത് ഇപ്പോഴും ആ തർക്കത്തിന്റെ കനൽ ബാക്കിയുണ്ടായിരുന്നു. ആരെയും നോക്കാതെ, ഒരക്ഷരം മിണ്ടാതെ അവൾ സീറ്റ് ബെൽറ്റിട്ടു, പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ട് ഇരുന്നു.
എല്ലാവരും കയറി എന്ന് ഉറപ്പായതും ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു…
കൃതികയേ കൊണ്ട് വരാൻ ഒറ്റയ്ക്ക് പോയാൽ മതിയായിരുന്നു…
ഇതിപ്പോ ഇവരൊക്കെ എന്തിനാ വരുന്നേ എന്ന് പോലും എനിക്കറിയില്ല….
ഒരു ദിവസംകൊണ്ട് എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടായതെന്ന് ഞാൻ ചിന്തിച്ചു നോക്കി. റോസ് ഇല്ലായിരുന്നെങ്കിൽ ആമിയോടും നിധിയോടുമായി കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാമായിരുന്നു…
“നീ നിന്റെ മനസ്സിലുള്ളത് ചോദിച്ചോ എനിക്കറിയാവുന്നതാണെങ്കിൽ ഞാൻ പറയാം… ”
നിധിയുടെ ശബ്ദം.അവൾ വീണ്ടും എന്റെ മനസ്സ് വായിച്ചിരിക്കുന്നു… 😐
“ദേ നിധി ഞാൻ നിന്നോട് പല വട്ടം പറഞ്ഞിട്ടുണ്ട് ആവശ്യമില്ലാതെ മറ്റുള്ളവരുടെ മനസ്സ് വായിക്കരുതെന്ന്… ”
ആമി ബാക്കിലേക്ക് നോക്കി നിധിയോട് പറഞ്ഞു…
എന്നാൽ എന്റെ ശ്രദ്ധ ആദ്യം പോയത് റോസിന്റെ മുഖത്തേക്കായിരുന്നു. ഒന്നും മനസ്സിലാവാതെ എല്ലാവരെയും പരസ്പരം നോക്കി കൊണ്ടിരിക്കുകയാണ് പാവം.
ആമിയുടെ വാക്കുകൾ കേട്ടതും കാറിനുള്ളിൽ വീണ്ടും ഒരു അസ്വസ്ഥത പടർന്നു.
റോസ് അപ്പോഴും ഒന്നും മനസ്സിലാവാതെ അന്തംവിട്ട് ഇരിക്കുകയാണ്.
