വിളിച്ചതും അടുക്കളയിൽ നിന്നും ഒരു പാത്രം വീഴുന്ന ശബ്ദവും ഒപ്പം ചെറിയൊരു നിലവിളിയും കേട്ടു.
ദൈവമേ, തള്ള വിളി കേട്ട് ബോധം കെട്ടുവീണതോ മറ്റോ ആണോ ഇനി!
ഞാൻ വേഗം അടുക്കളയിലേക്ക് ഓടി.
അവിടെയെത്തിയപ്പോൾ കാണുന്നത് നിലത്തുവീണ് കറങ്ങിക്കൊണ്ടിരിക്കുന്ന പാത്രവും, തൊട്ടടുത്തായി കൈമുട്ട് പിടിച്ച് തിരുമ്മുന്ന നിധിയെയും. 😐
ഇവൾ ഇന്ന് പോയില്ലേ?
എന്നെ കണ്ടതും അവൾ ഒരു അളിഞ്ഞ ചിരി പാസാക്കി.
”നോക്കിനിൽക്കാതെ ഒന്നു വന്ന് സഹായിക്കടാ.”
ഓ, പിന്നേ! എനിക്കതല്ലേ പണി!
അവളെ ഒന്നു സഹായിക്കാൻ പോലും കൂട്ടാക്കാതെ ഞാൻ അടുക്കളയിൽ നിന്നും പോന്നു.
ശേഷം ഡൈനിങ് ടേബിളിൽ വന്നിരുന്നു.
മേശപ്പുറത്ത് പാത്രങ്ങളൊന്നുമില്ല. വേറെ ആരെയും കാണുന്നുമില്ല. ഇന്ന് പട്ടിണിയാണെന്ന് വിചാരിച്ചിരുന്നപ്പോഴാണ് നിധി ഒരു ചെറിയ പാത്രവുമായി എൻ്റെ അടുത്തേക്ക് വന്നത്.
കയ്യിലെ പാത്രം കൊറുവിച്ചുകൊണ്ട് അവൾ എൻ്റെ അടുത്തേക്ക് നീട്ടി.
പിടിച്ച് എഴുന്നേൽപ്പിക്കാൻ സഹായിക്കാത്തതിൻ്റെ ദേഷ്യമാണെന്ന് തോന്നുന്നു. ഞാൻ അധികം മൈൻഡ് ചെയ്യാൻ നിന്നില്ല.
പാത്രത്തിൽ ഉണ്ടായിരുന്നത് കുറച്ച് പുഴുങ്ങിയ മുട്ടകളാണ്.
ഇതുണ്ടാക്കാനാണോ ഇവൾ ഈ കണ്ട പരാക്രമങ്ങളൊക്കെ കാണിച്ചുകൂട്ടിയത്?
എന്നാലും ഇവിടെ ഉണ്ടായിരുന്ന ബാക്കിയുള്ളവരൊക്കെ എങ്ങോട്ടുപോയി?
”രാമേശ്വരത്തുള്ള അമ്മയുടെ ഒരു ബന്ധു മരിച്ചു. അച്ഛനും അമ്മയും അച്ഛമ്മയുമൊക്കെ അങ്ങോട്ട് പോയിരിക്കുകയാണ്. ഒരു നാലഞ്ചുദിവസം കഴിയാതെ അവരെ ഇനി പ്രതീക്ഷിക്കണ്ട.”
