പൂതപ്പാറയിലെ പൂതനകൾ [ജുമൈലത്] 413

 

“ഓ വരുന്നുണ്ട് ആ ജാഡക്കാരി. ഇന്ന് പട്ടു സാരിയാണല്ലോ”

 

“ഗുഡ് മോർണിംഗ് സൗമ്യ ടീച്ചറേ”

 

“ഗുഡ് മോർണിംഗ് ആതിര ടീച്ചറേ”

 

“എന്താപ്പോ പട്ടുസാരി ഒക്കെ”?

 

“ഇന്നല്ലേ അനിൽ മാഷിൻ്റെ പാർട്ടി. നിങ്ങൾ വരുന്നില്ലേ”?

 

“എല്ലാരും ഒന്നിച്ചു ഹാഫ് ഡേ എടുത്തു പോയാൽ സ്കൂളിലാരാ പിന്നെ ഉണ്ടാവുന്നേ? ടീച്ചറെ ഫ്രണ്ടല്ലേ സാറ്. ടിന്റുവും കവിതയും വരും. ഞങ്ങള് ക്ലാസ്സ്‌ കഴിഞ്ഞ് ഒരു അഞ്ച് അഞ്ചര ഒക്കെ ആവുമ്പോഴേക്കും എത്താം”

 

ആ സമയത്താണ് കവിത ടീച്ചർ വന്നു കേറിയത്‌.

 

“സാരിയിൽ നല്ല സുന്ദരി ആയിട്ടുണ്ടല്ലോ സൗമ്യ ടീച്ചറെ”

 

“ടീച്ചറിപ്പോ എന്നാ സുന്ദരി അല്ലാത്തെ ”?

 

രജിസ്റ്റർ എടുക്കാൻ കയറി വന്ന ടിന്റു ടീച്ചർ എല്ലാവരോടുമായി പറഞ്ഞു.

 

“എന്നാലും എങ്ങനെയാ ഈ സാരി ഒക്കെ ഉടുത്ത് ഇങ്ങനെ ഒരുങ്ങി വരുന്നത്? ഒരുപാട് സമയം വേണ്ടേ”?

 

“അതൊക്കെ അങ്ങ് ഉടുക്കുന്നതാ. ഒരു അഞ്ച് മിനിട്ടിൽ ചെയ്യാവുന്നതേ ഉള്ളൂ. ടീച്ചേർസ് അല്ലേ. ഇപ്പൊ ലെഗ്ഗിങ്സ് ഒക്കെ ഇട്ട് വരുന്നുണ്ട് എന്നാലും നമ്മള് വേണ്ടേ മാന്യമായ ഡ്രെസ്സ് ഇട്ടോണ്ട് വരാൻ. സ്കൂളല്ലേ”

 

“ഞങ്ങൾ രാവിലെ സമയല്ലാത്ത സമയത്ത് സാരീം വാരി ചുറ്റി സമയത്ത് സ്കൂളിലെത്താൻ ഓടുമ്പോ ഇതിനൊക്കെ എവിടെയാ നേരം”

 

“അതൊക്കെ സമയം ഉണ്ടാക്കി ചെയ്യുന്നതല്ലേ ടീച്ചറേ.  നമ്മൾ എപ്പോഴും പ്രസൻ്റബിൾ ആയിരിക്കണം”

 

ഫസ്റ്റ് ബെല്ലടിച്ചു. എല്ലാവരും അവരവരുടെ ക്ലാസ്സുകളിലേക്ക് പോയി.