ഏതൊക്കെയോ കനമേറിയ ഗ്രന്ഥങ്ങൾ പടച്ചു വിടുകയും സർവ്വകലാശാലയിലെ സ്വാധീനം നിമിത്തം അതിൽ ചിലതൊക്കെ മലയാളം കരിക്കുലത്തിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നതും ഒഴിച്ചു നിർത്തിയാൽ എഴുത്തുകാരി എന്നറിയപ്പെടാനുള്ള യാതൊരു യോഗ്യതയും ശ്രീ ലീലാ കുമാരിക്കുണ്ടായിരുന്നില്ല എന്ന കാര്യം ഇവിടെ പ്രസ്താവ യോഗ്യമാണ്. സത്യം പറയുകയാണെങ്കിൽ ശ്രീ കുമാരിയുടെ ഒരു കൃതി അബദ്ധത്തിൽ എങ്ങാനും വായിച്ചവർ കഥ മനസിലാക്കുവാൻ കൂടി വേറൊന്ന് വായിക്കുകയില്ല. അത്രക്കും ഉത്കൃഷ്ടമായ രചനാ വൈഭവമാണ് അവർ പ്രകടിപ്പിച്ചിരുന്നത്.
സമാപന സമ്മേളനത്തിൻ്റെ പരിപാടികൾ സൗമ്യ ടീച്ചറിൻ്റെ സ്വാഗത പ്രസംഗത്തോട് കൂടി തുടങ്ങി. അവസാന ദിവസമായത് കൊണ്ടും ശനിയാഴ്ച ആയതിനാലും സാധാരണയിൽ കവിഞ്ഞ ആൾതിരക്കുണ്ടായിരുന്നു. സ്വാഗതത്തിന് ശേഷം സൗമ്യ ടീച്ചർ ശ്രീ ഒണക്കനെ അധ്യക്ഷ പ്രസംഗത്തിനായി ക്ഷണിച്ചു. തെളിഞ്ഞ ആ പ്രഭാതത്തിൽ മറ്റ് പലതും ചെയ്യാമായിരുന്നിട്ടും പ്രവൃത്തി ദിവസമല്ലാഞ്ഞിട്ട് കൂടി അവിടെ വന്ന് കൂടിയിരിക്കുന്ന ബഹുശതം കുട്ടികളുടെയും എതാണ്ടത്ര തന്നെ മുതുക്കികളുടെയും മുതുക്കന്മാരുടെയും സഹന ശക്തി പരീക്ഷിക്കുവാനാണ് അത്തരുണത്തിൽ ശ്രീ ഒണക്കൻ തുനിഞ്ഞത്.
അത്രയും കുട്ടികൾ ഇരുന്നും നിന്നും കൂക്കി വിളിച്ചിട്ടും ബഹളമുണ്ടാക്കിയിട്ടും തന്റെ പിടലിക്ക് രണ്ടു പൊട്ടിക്കാൻ ആരുമില്ലെന്നുള്ള ധൈര്യത്തോടെ ആ മഹാ പാപി യാതൊരു മനക്ലേശവുമില്ലാതെ ഒന്നര മണിക്കൂറ് പ്രസംഗിച്ചു.
“…….നത്തും കൂമനും തമ്മിൽ വ്യത്യാസമില്ലാത്തതു പോലെ ദുഷ്ടനും അസൂയാലുവും തമ്മിൽ വ്യത്യാസമില്ല….”