പൂതപ്പാറയിലെ പൂതനകൾ [ജുമൈലത്] 413

 

എന്ന ഭരതവാക്യത്തോട് കൂടി ശ്രീ ഒണക്കൻ മാസ്റ്റർ തൻ്റെ സുദീർഘവും സമുജ്വലവും സാരഗർഭവും വിജ്ഞേയവുമായ ഭാഷണം ഉപസംഹരിച്ചു. അനേകം കണ്ഠങ്ങളിൽ നിന്ന് ആശ്വാസത്തെ ദ്യോതിപ്പിക്കുന്ന ഒരു ശബ്ദം തദവസരത്തിൽ പുറപ്പെട്ടു എന്നത് ആ ഭാഷണം കേൾക്കാനിടയായ ആരിലും പ്രേത്യേകിച്ച് ഒരു അത്ഭുതവും ഉണ്ടാക്കിയില്ല.

 

മാസ്റ്ററുടെ ഭാഷണത്തിനു ശേഷം മിസ് സൗമ്യ സമാരാധ്യമായ അധ്യക്ഷ പീഢത്തിന് അടുത്ത് ചെന്ന് പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്യുന്നതിന് ശ്രീ ലീലാ കുമാരിയെ ക്ഷണിച്ചു. കസേരയിൽ നിന്നും ഒണക്കനെ കവച്ചു വെക്കുന്ന ഒരു പ്രസംഗം കാച്ചാൻ ചന്തി പൊക്കിയ ശ്രീ കുമാരി വെയിലുകൊണ്ട് വലഞ്ഞു നിൽക്കുന്ന കുട്ടികളുടെയും അവിടെ കൂടിയ നാട്ടുകാരുടെയും മുഖ ഭാവത്തിൽ നിന്നും  കാര്യം മനസ്സിലാക്കി ചുരുങ്ങിയ വാക്കുകളിൽ ഉദ്ഘാടനം കഴിഞ്ഞതായി അറിയിച്ച് ആകാശം പോലെ വിശാലമായ തന്റെ പൃഷ്ഠം അഗ്രാസനത്തിൽ തന്നെ തിരികെ നിക്ഷേപിച്ചു.

 

അടുത്തത് മിസ്റ്റർ നമ്പ്യാരുടെ ഊഴമായിരുന്നു. പണ്ടത്തെ കാലത്ത് ആത്മഹത്യ ഒരു ഫാഷൻ അല്ലാത്തത് കൊണ്ട് നാട് വിടുന്നതായിരുന്നു പതിവ് എന്നും ഇന്നത്തെ കാലത്ത് ലഹരി സംബന്ധമായ പ്രശ്നത്തിൽ അകപ്പെട്ട കുട്ടി കെട്ടിതൂങ്ങിയോ ട്രെയിനിനു തലവെച്ചോ ചാകും എന്നുമറിയാമായിരുന്ന നമ്പ്യാർ നാടകത്തിനു ശേഷമാവാം ബോധവൽക്കരണമെന്ന് പറഞ്ഞൊഴിഞ്ഞ് തൽക്കാലത്തേക്ക് തടി കയ്ച്ചിലാക്കി.

 

അവിടെ കൂടിയിരുന്നവരിൽ താത്പര്യമില്ലാത്തവരുടെ സംസാരവും ചെകിടടപ്പിക്കുന്ന കൂക്കുവിളികളും കാരണം ആർക്കും കേൾക്കുവാൻ കഴിയാഞ്ഞ ഒരു ആമുഖത്തിന് ശേഷം പശ്ചാത്യ വേഷ വിധാനങ്ങളോട് കൂടിയ ഏതോ ഒരുത്തൻ സ്റ്റേജിൽ പ്രവേശിച്ച് കാണികളെ നോക്കി എന്തോ ചിലത് പറഞ്ഞു. കൂക്കുവിളികൾ കാരണം കേൾക്കുവാൻ കഴിയാഞ്ഞത് കൊണ്ട് ആ പോങ്ങൻ എന്ത് പറഞ്ഞു എന്ന് വിശദീകരിക്കാൻ തത്കാലം നിവൃത്തിയില്ല.