പൂതപ്പാറയിലെ പൂതനകൾ [ജുമൈലത്] 413

 

ആ ചവിട്ട് നാടക മഹാമഹം കണ്ട് തീർത്ത തന്റെ അവസ്ഥ ഗജേന്ദ്രന്റെ കാല് വായിൽ കെണിഞ്ഞത് നിമിത്തം ആയിരം കൊല്ല കാലം പച്ചവെള്ളം കുടിക്കാൻ പോലും കഴിയാതെ ആയുർബലം ഒന്ന് കൊണ്ട് മാത്രം ജീവൻ പോകാതെ കഴിച്ച മിസ്റ്റർ നക്രവുമായി തുലനം ചെയ്യുമ്പോൾ നക്രത്തിന്റെ അവസ്ഥ തൻ്റെ അവസ്ഥയേക്കാൾ എത്രയോ ഭേദമാണ് എന്ന് മിസ്റ്റർ നമ്പ്യാർ മാത്രമാണ് എന്നോട് പറഞ്ഞിരുന്നതെങ്കിൽ അതിശയോക്തി ആണെന്നേ ഞാൻ കരുതുമായിരുന്നുള്ളൂ.  പക്ഷെ എന്തുപറയാനാണ് എന്ന് നോക്കണേ. അവിടെ കൂടിയ സുമാർ  രണ്ടായിത്തോളം ആളുകളും അത് തന്നെ പറയുമ്പോൾ  വിശ്വസിക്കാതിരിക്കാൻ തരമില്ലല്ലോ.

 

ചവിട്ടു നാടകത്തിനു ശേഷം തന്റെ തലമണ്ട നയാ പൈസക്ക്‌ പോലും ഇൻഷൂർ ചെയ്തിട്ടില്ല എന്ന് നല്ല ബോധ്യമുള്ളത് കൊണ്ടാണോ എന്തോ മിസ്റ്റർ കോത്താഴത്ത് നമ്പ്യാർ ഹ്രസ്വമായ ഒരു ബോധവൽക്കരണ ക്ലാസ്സാണ് അവിടെ കൂടിയവർക്കായി എടുത്തത്. അല്ലാതെ തന്നെ ബോധം കൂടുതലുള്ളവരെ വീണ്ടും ബോധവൽക്കരിക്കുന്നതിലുള്ള അനൗചിത്യവും ഒരു പക്ഷെ മിസ്റ്റർ നമ്പ്യാരെ ദീർഘമായ ഒരു ക്ലാസ്സെടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ടാവാം.

 

വിജയികൾക്കുള്ള സമ്മാന ദാനമായിരുന്നു അടുത്തത്. ഓവറോൾ ചാമ്പ്യൻസിനുള്ള പടുകൂറ്റൻ ഷീൽഡും സ്പെഷ്യൽ എവെർ റോളിങ് ട്രോഫിയും മറ്റനേകം ചെറു ട്രോഫികളും ഒരു ട്രോളിയിൽ ഉന്തികൊണ്ട് വരുന്നതിനിടെ സ്റ്റേജിന്റെ ഇടത്തേ മൂലയിൽ വെച്ചിട്ടുള്ള ഓപ്പൺ ബെൽറ്റ്‌ ജനറേറ്ററിന്റെ കറങ്ങുന്ന ചക്രത്തിനിടയിൽ സൗമ്യ ടീച്ചറിൻ്റെ സാരിയുടെ അറ്റം കുരുങ്ങി.