“എന്താ ഇത്”?
“ട്രാൻസ്ഫർ ഓർഡറാണ്. നാല് ദിവസമായി ഇത് ഇവിടെ വന്ന് കിടക്കാൻ തുടങ്ങീട്ട്. ഇടുക്കിയിലെ ഒരു ഓണം കേറാ മൂലയിലോട്ടാണ്. സർവീസിൽ കേറീട്ട് മൂന്ന് വർഷം ആയിട്ടല്ലേയുള്ളൂ.. ആദ്യത്തെ വർഷങ്ങളിൽ ഇത് പോലെ ദൂരത്തോട്ട് ഒരു സ്ഥലം മാറ്റം പതിവാ. പിന്നെ അവിടുന്ന് നാട്ടിലോട്ടു മാറാം”
“സാരല്ല ടീച്ചറെ. വീട്ടിൽ അനിയനൊക്കെ ഉണ്ടല്ലോ. അമ്മ ഒറ്റക്കൊന്നും അല്ലല്ലോ”
“ട്രാൻസ്ഫർ പൂതപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലോട്ടാണ്. രണ്ട് ദിവസത്തിനുള്ളിലെങ്കിലും ജോയിൻ ചെയ്യാൻ നോക്കിക്കോളൂ”
മാതൃ സഹജമായ സ്നേഹ വാത്സല്യങ്ങളോടെ വിജയലക്ഷ്മി സൗമ്യയെ യാത്രയാക്കി.
മൂന്ന് നാല് ബസ് മാറിക്കേറി സൗമ്യ ഒരു ബുധനാഴ്ച രാവിലെ പൂതപ്പാറയിലെത്തി. ഷോപ്പുകൾ, ഓഫീസുകൾ തുടങ്ങി ഒരു ടൗണിൽ ഉണ്ടാവേണ്ട സ്ഥാപനങ്ങളാൽ അനുഗൃഹീതവും അലങ്കൃതവുമല്ലാത്ത ഒരു കാട്ടുമുക്കിലേക്കാണ് പട്ടണത്തിന്റെ പത്രാസുമായി സൗമ്യ ടീച്ചർ സ്ഥലം മാറി എത്തിയത്. അവിടെ വന്നിറങ്ങിയപ്പോ തന്നെ മറ്റേതോ ലോകത്ത് എത്തിപ്പെട്ടത് പോലെയാണ് സൗമ്യക്ക് തോന്നിയത്.
അവൾ ബസ്സിറങ്ങി ചുറ്റും നോക്കി. വേറൊന്നും കൊണ്ടല്ല. സ്കൂളിലേക്കുള്ള വഴി ചോദിക്കാനാണ്. അങ്ങാടി എന്ന് വേണമെങ്കിൽ വിളിക്കാവുന്ന ആ മുക്കവലയിൽ ഒരു പഴയ ചായക്കട മാത്രമാണ് ആകെയുള്ള ഒരു പ്രധാന സ്ഥാപനമായി ഉണ്ടായിരുന്നത്. സ്കൂളിലേക്കുള്ള വഴി ചോദിക്കാൻ സൗമ്യ അങ്ങോട്ട് തന്നെ വെച്ച് പിടിച്ചു.
“മോള് എവിടുന്നാ”?