പൂതപ്പാറയിലെ പൂതനകൾ [ജുമൈലത്] 416

 

ഉച്ചക്കുള്ള ഇന്റർവെല്ലിന് അനിൽ മാഷ് സൗമ്യയെ സ്കൂളും പരിസരവും കാണിക്കാനും പുതിയ സ്ഥലം പരിചയ പ്പെടുത്തി കൊടുക്കാനും കൊണ്ട് പോയി.

 

“സ്കൂൾ മൊത്തം ഇരുപത്തി ഏഴ് ഏക്കറുണ്ട്. വടക്ക് വശത്ത് ഉള്ള കെട്ടിടങ്ങളിൽ ഹൈസ്കൂളും യു പി യുമാ. അവിടെ ഒക്കെ നല്ല പിള്ളേരാ. ഹയർ സെക്കൻ്ററി മാത്രേ ഇങ്ങനെ ഉള്ളൂ.പിന്നെ താഴെ റോഡിൻ്റെ അടുത്ത് വലിയ ഒരു ഗ്രൗണ്ടും ഗാലറിയും ഉണ്ട്. സ്പോർട്സും പരിപാടികളും അവിടെയാ നടത്തുന്നത്. പിന്നിൽ മന്ദം മന്ദം ഒഴുകുന്ന ഒരു കാളിന്ദിയുണ്ട്. നല്ല ആഴമുള്ള കടവിൽ ഒരുപാട് പേര് മരിച്ചതോണ്ട് പോലീസ് പൂട്ടിയതാണ്”

 

സംയമനിയിൽ റെസ്റ്റെടുക്കുന്ന നരകത്തിൻ്റെ പ്രൊപ്രൈറ്റർ മിസ്റ്റർ കാലന് -അങ്ങോട്ടുള്ള അതിഥികളെ താൻ തന്നെ നേരിട്ട് വണ്ടിയുമായി വന്ന് കൂട്ടികൊണ്ട് പോകണം എന്ന നിർബന്ധം വച്ചു പുലർത്തുന്ന ഒരു മാമൂൽ വാദിയായത് കൊണ്ട് – പോലീസ് ആ കടവ് പൂട്ടുന്നതിന് മുൻപ് വരെ അനങ്ങിയാൽ അങ്ങോട്ട് മണ്ടി വരാനേ നേരമുണ്ടായിരുന്നുള്ളൂ. ആൾക്കാര് ചാകാത്തത് കൊണ്ട് ഇപ്പോൾ കുറച്ച് കാലമായി പാവത്തിന് അൽപ്പം സമാധാനമുണ്ടെന്ന് തോന്നുന്നു.

 

പുഴയുടെ തീരത്തുകൂടെ കുറച്ചു നേരം നടന്ന് കാറ്റൊക്കെ കൊണ്ട് ഇത്തിരി നേരം വിശ്രമിച്ച് അവർ സ്കൂളിലേക്ക് തിരികെ നടന്നു.

 

“ആ ഒഴിഞ്ഞുകിടക്കുന്ന പറമ്പും സ്കൂളിൻ്റെ യാണോ മാഷേ”?

 

തൊട്ടപ്പുറത്തെ കാടുമൂടി കിടക്കുന്ന സ്ഥലം ചൂണ്ടി കാണിച്ച് സൗമ്യ ചോദിച്ചു.

 

“അത് ബ്രിട്ടീഷുകാരുടെ എസ്റ്റേറ്റ് ആയിരുന്നു. ഇപ്പൊ  കൊടും കാടാണ്. ഈ സൗകര്യങ്ങളൊക്കെ ഉള്ളത് കൊണ്ട് ഇത് സമൂഹവിരുദ്ധരുടെ കേന്ദ്രമാ ടീച്ചറേ. പകല് പോലും കഞ്ചാവ് ടീമായിരിക്കും അതിൻ്റെ ഉള്ളിൽ. അറിയാതെ പോലും അങ്ങോട്ട് പോവരുത്”