“പോലീസൊന്നും ഇല്ലേ ഈ നാട്ടിൽ”?
“പോലീസ് പല പ്രാവശ്യം നോക്കിയതാണ്. അവിടെ ഉള്ളവര് തന്നെ വിവരം കൊടുക്കും. അതോണ്ട് പോലീസ് വരുമ്പോ അതിൻ്റെ ഉള്ളില് ആരും ഉണ്ടാവില്ല”
“എന്തായാലും വന്നു പെട്ട സ്ഥലം കൊള്ളാം”
“പിള്ളേരെ കാര്യോം കണക്കാ. നാട്ടിൽ ഉള്ള തലതിരിഞ്ഞവരാ കൂടുതലും. കൂടുതൽ അടുപ്പത്തിനൊന്നും പോണ്ട. പത്ത് എ പ്ലസ് കാരൊക്കെ രായിരമംഗലത്തെ സെന്റ് മേരീസിലോട്ട് പോയി. ഇവിടെ വേറെ ഒരിടത്തും അഡ്മിഷൻ കിട്ടാത്ത തല്ലിപൊളികളെ ഉള്ളൂ. അതോണ്ട് സൂക്ഷിച്ചാൽ ദുഖിക്കേണ്ട”
അനിൽ മാഷ് കാര്യമായി എല്ലാം സൗമ്യ മിസ്സിനെ പറഞ്ഞ് മനസിലാക്കി.
വൈകുന്നേരം സ്കൂൾ വിട്ട് കഴിഞ്ഞ് അങ്ങാടിയിൽ വന്ന് നിൽക്കുന്ന ടീച്ചറിനെ കണ്ട് മാഷ് അങ്ങോട്ട് ചെന്നു.
“എന്താ ഇവിടെ”?
“ഒരു ആളെ കാത്തു നിക്കുവാ”
“ആരാ? വന്നപ്പോ തന്നെ പരിചയക്കാരയോ”?
“”എറണാകുളത്തീന്ന് പോന്നപ്പോ കോമളവല്ലി ടീച്ചറാ ഇവിടെ താമസ സൗകര്യത്തിന് കൊമ്പേറി ചന്ദ്രിക ചേച്ചിയെ കണ്ട മതീന്ന് പറഞ്ഞത്. അവര് പാലും കൊണ്ട് ചായ കടേക്ക് വരുന്ന സമയായോണ്ട് കാത്ത് നിന്നതാ”
“ആ അറുത്ത കൈക്ക് ഉപ്പു തേക്കാത്ത ജന്തുവോ? എന്തിനാ ടീച്ചറേ വഴിയിൽ കിടക്കുന്ന ഏണി ഒക്കെ എടുത്ത് പെടലിക്ക് വെക്കുന്നേ”
“പിന്നെ ഞാനെന്താ ചെയ്യാ”?
“ഞാൻ ഒരു സ്ഥലം അറേഞ്ച് ചെയ്ത് തന്നാലോ”?
“എന്നാലും മതി”
സൗമ്യ അനിൽ മാഷിന്റെ കൂടെ പോയി.