പൂതപ്പാറയിലെ പൂതനകൾ [ജുമൈലത്] 413

 

സ്കൂളിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെ ഒരു വലിയ റബ്ബർ തോട്ടത്തിന് നടുവിലെ വീട്ടിലാണ് അവർ എത്തിച്ചേർന്നത്. അതിനോട് ചേർന്ന് കുറച്ചു മാറി ഒരു ക്വാട്ടേഴ്സ് പോലത്തെ കെട്ടിടവുമുണ്ട്.

 

കോളിങ് ബെൽ അമർത്തിയപ്പോൾ സുന്ദരിയായ ഒരു യുവതി വന്ന് വാതിൽ തുറന്നു.

 

“ഇത് ആരാ മാഷേ”?

 

“സ്കൂളിൽ പുതിയതായി വന്ന ടീച്ചറാ. സൗമ്യ”

 

“ഹലോ”

 

“ഹലോ”

 

“ടീച്ചറെ ഇത് ജാനറ്റ്. രായിരമംഗലത്ത് വില്ലേജ് ഓഫീസർ ആണ്. ഇവർ ഇവിടെ ഒറ്റക്കാണ്. പിന്നിലെ ആ വീട്ടിൽ തോട്ടത്തിൽ ജോലിക്കു വന്ന പെണ്ണുങ്ങളാ. ടീച്ചറിന്  പ്രശ്നൊന്നും ഇല്ലെങ്കിൽ ജാനറ്റിന്റെ കൂടെ കൂടാം”

 

“എനിക്കെന്തു ബുദ്ധിമുട്ട്”?

 

സൗമ്യ  അപ്പോൾ തന്നെ ജാനറ്റിൻ്റെ ഹൗസ് മേറ്റാവാൻ സമ്മതമറിയുച്ചു. ലഗേജുമായി അവിടെ താമസം തുടങ്ങുകയും ചെയ്തു.

 

“മാഷേ ചായ കുടിച്ചിട്ട് പോവാം”.

 

ജാനറ്റ് സ്നേഹത്തിൻ്റെ പുറത്ത് ക്ഷണിച്ചു.

 

“പോയിട്ട് അത്യാവശ്യം ഉണ്ട്. ചായ പിന്നെ കുടിക്കാം”

 

“എന്താപ്പോ ഇത്ര തിരക്ക് മാഷേ? സാധാരണ ഇവിടെ വന്നാ കുറച്ച് നേരം സംസാരിച്ചിരുന്നിട്ടല്ലേ പോവാറുള്ളൂ”?

 

“പൂതപ്പാറയിലെ പൂതനകളെ അറിയില്ലേ”?

 

“ഏത്? മഹിളാ സംഘത്തിൻ്റെ വിലാസിനി ചോട്ടത്തിയും ടീമുമല്ലേ”?

 

“ആരാ മാഷേ അത്”

 

സാധനങ്ങളൊക്കെ എടുത്ത് വെച്ച് അങ്ങോട്ട് വന്ന സൗമ്യ ടീച്ചർ ചോദിച്ചു.

 

“അവരെ കാര്യൊന്നും പറയാതിരിക്കാ നല്ലത്. പണ്ട് ഇടുക്കി ജില്ലയിലെ കുടുംബശ്രീക്കാരൊക്കെ കട്ടപ്പനയിൽ വെച്ച് ഒരു പരിപാടി നടത്തി. ചില മത്സരങ്ങളും ഉണ്ടായിരുന്നു. സി ഡി എസ് പ്രസിഡൻറായി ഈ പെണ്ണുമ്പിള്ളയും അങ്ങോട്ട് പോയി. ഒപ്പം മത്സരത്തിൽ ജയിക്കാൻ കുറച്ച് ആണുങ്ങളേം പെൺവേഷം കെട്ടിച്ച് കൊണ്ടുപോയി. അങ്ങനെത്തെ തൊലിച്ചികളാ ആ ജന്തുക്കള്. അവറ്റോള് വീട്ടിലേക്കെങ്ങാനും വരുന്നുണ്ട്ന്ന് കണ്ടാൽ ആൾക്കാര് വഴീന്നു തന്നെ തല്ലിയോടിച്ച് വിടും. അതൊക്കെ പോട്ടെ , മാഷിനെന്താ അവരുമായിട്ട് ഇടപാട്”?