“അങ്ങനെ തല്ലി ഓടിക്കാൻ പറ്റ്വോ ? ഞാൻ നാട്ടിൽ ഇത്തിരി നിലയും വിലയും ഉള്ള ആളല്ലേ. പോരാത്തേന് സ്ഥലം സ്കൂളിലെ മാഷും. ആ വിലാസിനി കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വീട്ടിലോട്ട് വന്നു. അവർക്ക് എന്തോ പരിപാടിക്ക് പാടാൻ ഒരു സ്വാഗത ഗാനം വേണത്രേ. കഷ്ടകാലത്തിന് സമയം പോലെ ഒന്നെഴുതി കൊടുക്കാന്ന് ഞാൻ പറയുകേം ചെയ്തു. അന്ന് തൊട്ട് തുടങ്ങിയതാ ആ പൂതനയെ കൊണ്ടുള്ള ശല്യം. ഇരുപത്തിനാല് മണിക്കൂറും ഫോണ് വിളിച്ച് പാട്ട് എഴുതിയോന്നും ചോദിച്ച് സമാധാനം തരുന്നില്ലന്നേ. വെറുതേ ഇരിക്കുന്ന നേരത്ത് ചൊറിഞ്ഞിരിക്കേണ്ട അവസ്ഥയായി ഇപ്പോ”
“മൂലയിൽ ഇരുന്ന കോടാലി എടുത്ത് കാലിൽ ഇടാൻ പോയിട്ടല്ലേ”
“ എന്ത് പറയാനാ. പറ്റിപ്പോയി. ഇനീപ്പോ അതും ഇതും പറഞ്ഞിട്ട് കാര്യല്ലല്ലോ”
“ശല്യം സഹിക്കാൻ വയ്യാതെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു നടക്കുവായിരുന്നു ഞാൻ. ഇന്ന് രാവിലെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ടാന്നും പറഞ്ഞ് ആ തള്ള വീട്ടിലോട്ട് വന്നു”
“വല്ലാത്തൊരു പുല്ലേൽ കൊളുത്തായല്ലോ മാഷേ. എന്തായാലും ഇനി മാഷ് ഇങ്ങനത്തെ ഒരു മണ്ടത്തരം കാണിക്കില്ലല്ലോ”
“അപ്പോ ഭവഭൂതിയുടെ സമസ്യാപൂരണം പോലെ സ്വാഗത ഗാനം എഴുതി തുലക്കാഞ്ഞിട്ട് ചാകാനായി ഊർദ്ധ്വശ്വാസം വലിച്ച് കിടക്കുന്ന ഒരു ഘന ശ്രോണി പയോധര യൗവനാസ്ഥമായ പ്രാപിക്കുന്നില്ല എന്ന് ദിവസവും ഫോണിൽ വിളിച്ച് മോങ്ങുന്ന ആ തള്ളയെയും സംഘത്തിലെ മറ്റ് തരുണീമണികളെയും കോൾമയിർ കൊള്ളിക്കാൻ ഒരെണ്ണം അങ്ങ് പടക്കാന്ന് ഞാൻ തീരുമാനിച്ചു. അതിനാ വേഗം പോണന്നു പറഞ്ഞത്. ഏഴ് മണിയാവുമ്പോ ആ പണ്ടാരക്കാലത്തി എഴുതി കഴിഞ്ഞ പാട്ട് വാങ്ങാൻ വീട്ടിൽ വരും. അതാ എൻ്റെ ജാനറ്റേ ഞാൻ തിരക്കുപിടിച്ച് ഓടി പോണത്”