അഗ്രഹാരപ്പെരുമയിലേക്ക്, മാധുരിയുടെ വീട്ടിലേക്ക് ഞങ്ങൾ നീങ്ങി തുടങ്ങി. അഗ്രഹാരമെന്നു പറയുന്നത് പ്രത്യേക ഫീൽ ആണ് ഇരുവശത്തും മതിലുകൾ ഇല്ലാത്ത വീടുകൾ, മഞ്ഞയും നീലയും വെള്ളയും പെയിന്റ് അടിച്ചിരിക്കുന്ന നിര നിരയായി വീടുകൾ.
രണ്ടു നിലയുള്ള പഴയ വീടിന്റെ മുന്നിലാണ് ഞങ്ങൾ എത്തിച്ചേർന്നത്. നീല നിറത്തിലുള്ള പെയിന്റിംഗ് ആണ് അടിച്ചിരിക്കുന്നത്. മാങ്ങയില കൊണ്ടുളള തോരണം തൂങ്ങുന്നുണ്ട്. അടുത്തെവിടെയോ അമ്പലത്തിൽ ഭക്തി പാട്ടു കേൾക്കുന്നുണ്ട്. കാണുന്നവർ എല്ലാരും കുളിച്ചു ചന്ദനം നെറ്റിയിൽ തൊട്ടിട്ടുണ്ട്. പെണ്ണുങ്ങളെ കാണുമ്പോ എന്തൊരു ഐശ്വര്യമാണ്! സാരിയൊക്കെ പ്രത്യേക രീതിയിൽ ആണ് ചുറ്റിയിരിക്കുന്നത്. മുടി വിരിച്ചിട്ടിരിക്കുമ്പോ അതിൽ മുല്ലപ്പൂ നിറച്ചത് കാണാനും പ്രത്യേക ഭംഗിയാണ്.
ചെക്കനും പെണ്ണും ഇതുവരെ എത്തിയിട്ടില്ല. അതിനും മാത്രമുള്ള സമയമായിട്ടില്ല എന്ന് പറയുന്നതാവും ശെരി. എങ്കിലും ഒന്ന് രണ്ടു വല്യ കാറുകൾ വീടിന്റെ മുന്നിൽ നിരത്തിയിട്ടുണ്ട്.
ഞങ്ങൾ എല്ലാരും വീട്ടിലേക്ക് കയറുമ്പോ മധുരിയെ കണ്ടില്ല. പകരം അവരുടെ ചേച്ചിയാണ് ഞങ്ങളെ സ്വീകരിച്ചിരുത്തിയത്. മുകൾ നിലയിലാണ് സ്വീകരണ മുറി. മാധുരി ഡിവോഴ്‌സ്ഡ് ആണ്, ഭർത്താവ് വത്സൻ വേറെ കെട്ടിയിട്ടുണ്ടെന്നും പ്രീതിയും ശരണ്യയും തമ്മിലുള്ള സംസാരത്തിൽ നിന്നുമെനിക്ക് കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ വത്സൻ അങ്കിൾ എവിടെ എന്നൊരു മണ്ടൻ ചോദ്യമെനിക്ക് അവരുടെ മുന്നിൽ ചോദിക്കാതെ ഇരിക്കാനും രക്ഷയായി. എങ്കിലും അപ്പൂപ്പന്മാർ ഒന്ന് രണ്ടു പേര് എന്നെ കണ്ടു ചിരിച്ചു ഞാനും ചിരിച്ചു. ഒരു മിലിറ്ററി ലുക്കിൽ ഉള്ള അങ്കിളെന്നെ പരിചയപ്പെട്ടിട്ടു നേരെ അടുക്കളയിലേക്ക് ചെന്നു.
മരത്തിന്റെ സ്റ്റെപ് കയറിവേണം മുകളിലേക്കെത്താൻ. സ്‌പെഷ്യൽ കോഫിയും നേന്ത്ര പഴം പുഴുങ്ങിയതുമാണ് കഴിക്കാനായി തന്നതാണ്. കോഫീ അസാധ്യമായിരുന്നു.
ഞാൻ തനിച്ചു ടീവി റൂമിൽ തമിഴ് പാട്ടുകളും കണ്ടിരിക്കുമ്പോ പ്രീതിയും ശരണ്യയും കൂടെ താഴെ അടുക്കളയിലേക്ക് ചെന്നു. അവിടെ നല്ല ബഹളമാണെന്നു എനിക്ക് മുകളിൽ ഹാളിൽ ഇരിക്കുമ്പോ കേൾക്കാമായിരുന്നു.
ഞാൻ തനിച്ചു മുകളിലെ ബാൽകണിയിൽ നിന്നും വിശാലമായ പാടങ്ങളിലേക്ക് നോക്കി നിൽക്കുന്ന നേരം, സഞ്ജയ് എന്ന പേരുള്ള എന്റെ സമപ്രായക്കാരൻ എന്നെ വന്നു പരിചയപെട്ടു. മാധുരിയുടെ ചേച്ചിയുടെ മകളുടെ ഭർത്താവാണ് എന്ന് മാത്രമവൻ പറയുകയുണ്ടായി. അവൻ മുംബൈ വാലയാണ്. അവന്റെ കൂടെ കുറച്ചു നേരം ജനറൽ ആയ കുറച്ചു കാര്യങ്ങളെക്കുറിച്ചും മുംബയിലെ അവന്റെ ലൈഫുമൊക്കെ സംസാരിച്ചുകൊണ്ടൊരുന്നപ്പോൾ, നീണ്ടു കിടക്കുന്ന ഹാളിന്റെ അറ്റത്തുള്ള സ്റ്റെപ് ഓടി കയറി ഒരു നാല് വയസുള്ള കുഞ്ഞു പെൺകുട്ടി ഓടി വരുന്നത് ഞാൻ കണ്ടു. ഒപ്പമവളുടെ പിറകെ ഓടി മുകളിലേക്ക് വന്ന മഞ്ഞപ്പട്ടു സാരിയുടുത്ത പെണ്ണിനെ ഞാൻ ശ്രദ്ധിച്ചൊന്നു നോക്കി!