“ചെലരുണ്ടല്ലോ രേണു ഇതൊക്കെ വെറുതെ വാരിവലിച്ചു ചുറ്റി തോളത്തൂടെ എടുത്തിടും. ജസ്റ്റ് പുറത്തു ഒരു തോർത്തിടുന്ന അത്രേ ഉണ്ടാവൂ. എന്തൊരു വൃത്തികേടാന്നറിയോ. സാരി ആവുമ്പോ നീളത്തിൽ വീണു കിടക്കുന്ന പല്ലു വേണം. ആഹാ.. എന്താ ഒരു ഭംഗി”
രേണു നിശബ്ദയായി ഞാൻ സാരിയുടിപ്പിക്കുന്നത് വീക്ഷിക്കുകയാണ്.
കനമുള്ള പട്ടുസാരി യഥാസ്ഥാനത് നിൽക്കാൻ പിന്നുകളും മൊട്ടു സൂചിയും കുത്തികയറ്റി. സാരിയുടെ മുന്താണിയിലെ അലങ്കാരങ്ങൾ എടുത്തു കാണിക്കുന്ന വിധത്തിൽ മനോഹരമായി ഞാൻ രേണുവിനെ സാരി ഉടുപ്പിച്ചു.
“നീ നീഹാക്കും ഉടുത്ത് കൊടുത്തിട്ടുണ്ടോ”?
“ഇല്ല രേണു”
“പിന്നെ എങ്ങനെയാ ഇത് അറിയുന്നേ”?
“ രേണുവിനെ സാരി ഉടുപ്പിക്കാൻ ഞാൻ ഉടുത്ത് പഠിച്ചതാ”
രേണു കണ്ണാടിക്കു മുന്നിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി.
“നിനക്ക് വേണേൽ സാരി ഉടുപ്പിക്കുന്നത് ഒരു കരിയറാക്കാട്ടോ”
“ഇനി ഒരുങ്ങണ്ടേ രേണു”?
“നിന്റെ മനസിലല്ലേ ഉള്ളത്. എനിക്കെങ്ങനെ അറിയാം”?
ഞാൻ രേണുവിനെ കസേരയിൽ ഇരുത്തി.
“ഒന്ന് രണ്ടു മൂന്ന്. ഇങ്ങനെ നാല് ഇഴയെടുത്തു അറ്റം വരെ കെട്ടിയാൽ ഫ്രഞ്ച് ബ്രെയിഡ് ആയി. നല്ല ഉള്ളുള്ള മുടിയായതുകൊണ്ട് മെടയാൻ നല്ലതാ”
അങ്ങനെ മുടികെട്ടി. വാലിട്ട് കണ്ണെഴുതി. പുരികത്തിൽ നല്ലമിനുസമുള്ള കട്ടിയുള്ള രോമങ്ങളാണ്. ഏതോ ഒരു പെൻസിൽ പോലത്തെ സാധനമെടുത്തു പുരികമെഴുതി. അമ്മമ്മയുടെ ആമാട പെട്ടിയിൽ നിന്ന് ഒരു ഗോൾഡൻ നെക്ലേസ് എടുത്തു കഴുത്തിൽ അണിയിച്ചു. തട്ട് ജിമുക്കി രേണുവിന്റെ കാതിന് അലങ്കാരമായി. കയ്യിൽ കുപ്പിവളയും സ്വർണ്ണ വളയും ഇടകലർത്തി ഇട്ടു. നെറ്റിയിൽ നീല പൊട്ടുകുത്തി.