എല്ലാം ഉണ്ടാക്കി കഴിഞ്ഞപ്പോഴേക്ക് രണ്ടു മണിയായി.
സാരിയുടെ മുന്താണി അരയിൽ തിരുകി കൈതോല പായയിൽ രേണു ഇരുന്നു. വലിയ ഒരു നിലവിളക്കു മുന്നിൽ കത്തുന്നുണ്ട്. നാക്കിലയിൽ വിധിപ്രകാരം ഞാൻ വിളമ്പി.
“പിറന്നാള് കാരി ആദ്യം ഉണ്ണണം എന്നാ രേണു”
ഞാൻ അടുത്ത് ചെന്നിരുന്നു. രേണു നിലത്തു ചമ്രം പടിഞ്ഞിരിക്കുന്ന എന്റെ ഇടത്തെ തുടയിൽ കയറി ഇരുന്നു.
“എന്തിനാ രണ്ട് ഇല? നീ എനിക്ക് വാരിത്തന്നിട്ട് കഴിച്ചാ മതി ”
“ദുഷ്ട. അത്രയും നേരം കൂടി ഞാൻ വിശപ്പും സഹിച്ചു ഇരിക്കണം”
രേണു എന്റെ കവിളത്തു ഒരു ഉമ്മ തന്നു. ചെറുപഴം തോലു കളഞ്ഞു വായിൽ വെച്ച് തന്നു.
“തൽക്കാലം ഈ പഴം കൊണ്ട് തൃപ്തിപ്പെട് കണ്ണാ”
ഞാൻ രേണുവിന് വാരി കൊടുത്തു. അത് കഴിഞ്ഞ് ഞാൻ ഉണ്ട് എണീക്കുന്നത് വരെ രേണു എന്റെ അടുത്തിരിക്കുകയായിരുന്നു.
ഉമ്മറത്ത് ചാരുകസേരയിൽ മഴ പെയ്യുന്നതും നോക്കി ഇരിക്കുകയാണ് ഞാൻ. കൂട്ടിന് ചില മഴയോർമ്മകളും ഉണ്ട്. ചുറ്റും പച്ചപ്പ് മാത്രം. രേണു അച്ഛഛന്റെ മുറുക്കാൻ ചെല്ലവും ഒരു കോളാമ്പിയുമായി വന്നു.
“ഇങ്ങനെ ഇരിക്കുമ്പോ അച്ഛൻ തന്നെ”
“അതെന്തിനാ എടുത്തോണ്ട് വന്നെ”?
“സദ്യ കഴിഞ്ഞാൽ നാലും കൂട്ടി മുറുക്കണമെന്നാ”
രേണു വെറ്റിലയെടുത്തു നൂറ് തേച്ച് അടക്കയും വെച്ച് വായിൽ വെച്ച് തന്നു.
“ഇത് മൂന്നല്ലേയുള്ളൂ. പുകലയെവിടെ”?
“അങ്ങനെപ്പോ പൊകല തിന്നണ്ട”
ഞാൻ രേണുവിനെ പിടിച്ചു മടിയിലിരുത്തി. മുറുക്കി തുപ്പി ഞങ്ങൾ മഴയും ആസ്വദിച്ചു ഇരുന്നു.