ജംഷി എലിശ്ശേരിയെടുത്ത് ഉമ്മറത്ത് പോയിരുന്നു. രേണു പാത്രങ്ങളെടുത്തു അടുക്കളയിലേക്ക് പോയി. ഷംസാദ് ബാക്കി പാത്രങ്ങളും ഇലയും പെറുക്കികൂട്ടി രേണുവിന്റെ കൂടെ പോയി. ആ നാറി പിന്നെ പണ്ടു തൊട്ടെ ഒരു സഹായിയാണ്. പാവമാണ് ആള്. എല്ലാവർക്കും പെട്ടെന്ന് ഇഷ്ടമാവുന്ന ഒരു പേഴ്സണാലിറ്റിയാണ് അവന്റെ.
“ജംഷി രാത്രി പോണോ? താമരശ്ശേരി വരെ സ്ഥലം അത്ര നന്നല്ല”
ജംഷി എന്നെ ഒന്ന് നോക്കി.
“ആൾക്കാരെയല്ല. മൃഗങ്ങളുണ്ടാവും. വല്ല ആനയോ ഒക്കെ. കഴിഞ്ഞ ഫെബ്രുവരിയിലാ മുതുക്കനൊരു കടുവ പട്ടാപ്പകല് അങ്ങാടിക്കൂടെ നടന്നു പോയത്. അപ്പോ പിന്നെ രാത്രീലെ കാര്യം പറയണോ. പോരാത്തേന് മഴയും ”
“നൈറ്റ് റൈഡ് ഒരു രസല്ലേ. പിന്നെ കടുവ എങ്ങാനും വന്നാ ഞങ്ങള് അതൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിലെടുക്കും”
“നിനക്ക് കാടിനെ പറ്റി അറിയാത്തോണ്ടാ ഈ പറയുന്നേ. നിന്റെ ഫയർബ്ലേഡ് കയറുന്നേലും മുന്നേ കടുവ കടിച്ചോണ്ട് പോവും”
“അതല്ലടാ. പോയിട്ടു കാര്യണ്ട്”
“എന്താ ഇത്ര വലിയ അർജെന്റ് കാര്യം”?
“കുപ്പന്റെ അജ്ഞാത കാമുകി വന്നിട്ടുണ്ട്”
“എപ്പോ എത്തി”?
“കുറച്ചു നേരത്തെ. ഉമ്മച്ചി വിളിച്ചു പറഞ്ഞതാ”
“ഇയ്യ് എന്തിനാ വിഷമിക്കുന്നെ കണ്ണാ? അതൊക്കെ കഴിഞ്ഞിട്ട് മൂന്നുകൊല്ലായില്ലേ. ഡോക്ടറ് അന്നെ അന്വേഷിച്ചു. അടുത്ത വ്യാഴാഴ്ച പോവും. അതിനു മുന്നേ ഒന്ന് പോയി കണ്ടോണ്ട്”
ഒരു രണ്ട് മണിക്കൂറിലേറെ ഞങ്ങൾ നൂറ്റാങ്കോൽ കളിച്ചും ഓരോന്ന് സംസാരിച്ചും സമയം കളഞ്ഞു. വേറെ ഒന്നും ചെയ്യാനില്ല. ഫോണിനൊന്നും വീട്ടിനുള്ളിൽ റേഞ്ചും ഇല്ല. അല്ലെങ്കിലും ഫോണൊക്കെ വരുന്നതിനു മുന്നേ പണ്ടുള്ളവർ ഇതൊക്കെ കളിച്ചിരുന്നു.