മഴയില്ലാത്ത തെളിഞ്ഞ രാത്രിയാണ് ഇന്ന്. നല്ല നിലാവുണ്ട്. ഞാൻ എണീറ്റ് ചെന്ന് ജനാലകൾ തുറന്നിട്ടു. കുറച്ചു നേരം ദൂരെയുള്ള മലനിരകൾ നോക്കി നിന്നു. പ്രകൃതി മുഴുവൻ നിദ്രയിലാണ്ടിരിക്കുന്ന അർദ്ധരാത്രിയിലും ഓൺലൈനിൽ ഇരിക്കുന്നവരെ ഓർമിക്കാതിരിക്കാൻ കഴിഞ്ഞില്ല.
അലീന ഇപ്പൊ എന്തുചെയ്യുകയാവും? അവിടെ നേരം വെളുത്തിട്ടേ ഉണ്ടാവൂ. മലനിരകളിലാണ് ദൃഷ്ടിയെങ്കിലും മനസ്സ് അലീനയുടെ അടുത്ത് എത്തി.
“വന്നു കിടക്ക് കണ്ണാ”
ഞാൻ ചെന്ന് കിടന്നു. മലർന്നു കിടന്ന എന്റെ മേലെ രേണു വീണ്ടും വലിഞ്ഞുകയറി.
തുറന്നിട്ട ജാലകങ്ങൾ ചന്ദ്ര കിരണങ്ങൾക്ക് രേണുവിന്റെ കോമള ഗാത്രത്തെ ചുംബിക്കുവാനുള്ള മാർഗ തടസ്സം നീക്കി. ശീതാംശുവിന്റെ താഡനം സഹിക്കാൻ വയ്യാതെ മോഹാലസ്യപ്പെടുന്ന ലോലഗാത്രികളുമുണ്ട് എന്ന ഓർമയിൽ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ ഞാൻ തല ഉയർത്തി രേണുവിനെ ഒന്ന് നോക്കി. തുടുത്ത വട്ട മുഖം നെഞ്ചിൽ ചെരിച്ചു വെച്ച് എന്റെ ഹൃദയത്തിന്റെ സംഗീതവും കേട്ട് ഉറങ്ങുകയാണ് രേണു. കട്ടിയുള്ള മുടി ഒരു പുതപ്പ് പോലെ ദേഹത്ത് പരന്നു കിടക്കുന്നതുകൊണ്ട് വേറെ പുതപ്പിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയില്ല. കുഞ്ഞുങ്ങളെ പോലെ ശാന്തമായി ഉറങ്ങുന്ന രേണുവിനെ നോക്കി കിടന്ന് ഞാൻ എപ്പോഴോ ഉറങ്ങി പോയി.