“ഒരു കാര്യവും ഇല്ലാതെ സാമേട്ടൻ എന്നോട് പിണങ്ങി ഇരിക്കുവ..! അതുപോലെ തൊട്ടതിനും പിടിച്ചതിനും ഒക്കെ മുഖവും വീർപ്പിച്ചിരിക്കും.” സാന്ദ്ര പെട്ടന്ന് കരഞ്ഞു പോയി.
അവൾ കരയുന്നത് കണ്ടതും ഞാൻ ഒന്ന് വിരണ്ടു.
ഒന്നും മനസ്സിലാവാതെ അമ്മായിയും ജൂലിയും എന്റെ മുഖത്തേക്ക് നോക്കി.
“അതൊന്നും പോരാഞ്ഞിട്ട് നാളെ മുതൽ സാമേട്ടൻ എന്നെ കൂടെ കൂട്ടില്ല എന്നും പറഞ്ഞു.” സാന്ദ്ര ഏങ്ങലടിച്ചു.
ഞാൻ കുറ്റബോധത്തോടെ തലയും താഴ്ത്തിയിരുന്നു.
“ചേട്ടൻ എന്തിനാ അവളോട് പിണങ്ങി ഇരിക്കുന്നത്? കൂടെ കൂട്ടില്ലെന്നും എന്തിനാ അവളോട് പറഞ്ഞത്..?!” ജൂലി മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു. അമ്മായി വിഷമത്തോടെ എന്നെ നോക്കി.
“ഞങ്ങളിവിടെ ശല്യമായി തുടങ്ങിയോ, മോനേ..?!” നിറഞ്ഞ കണ്ണുകളോടെ അമ്മായി ചോദിച്ചതും ഞാൻ ഞെട്ടി പോയി.
അമ്മായിയുടെ ചോദ്യം കേട്ട് ജൂലി അവളുടെ അമ്മയെ ദേഷ്യത്തില്‍ നോക്കി.. സാന്ദ്ര പോലും കരച്ചില്‍ നിർത്തി വിഷമത്തോടെ അവളുടെ അമ്മയെ നോക്കിയിരുന്നു.
“അമ്മായി എന്തൊക്കെയാ ഈ പറയുന്നത്..?” ഞാൻ എഴുനേറ്റ് നിന്നുകൊണ്ട് സങ്കടത്തിൽ ചോദിച്ചു. “അത്ര കൊള്ളരുതാത്തവൻ എന്നാണോ നിങ്ങളെന്നെ മനസ്സിലാക്കി വച്ചിരിക്കുന്നത്..?!”
ഉടനെ അമ്മായിയുടെ മുഖം വല്ലാണ്ടായി.
“നിങ്ങൾ ശല്യമൊന്നുമല്ല. എപ്പോഴും നിങ്ങൾ ഞങ്ങടെ കൂടെ ഉണ്ടാവണം എന്നാണ് എന്റെയും ജൂലിയുടെയും ആഗ്രഹം.. അതുകൊണ്ട് അമ്മായി വെറുതെ അനാവശ്യ കാര്യങ്ങളെ ചിന്തിച്ച് ഞങ്ങളെയും വിഷമിപ്പിക്കരുത്.”
ഉടനെ അമ്മായിയുടെ മുഖം തെളിഞ്ഞു. ക്ഷമാപണം നടത്തും പോലെ എന്റെ കണ്ണില്‍ നോക്കി രണ്ടു കൈയും മാറില്‍ ചേര്‍ത്തു.
“അവളെ കൂടെ കൂട്ടിലെന്ന് സാമേട്ടൻ എന്തിനാ പറഞ്ഞത്…?” ജൂലി എന്നോട് ചോദിച്ചു. സാന്ദ്ര ചുണ്ട് കോട്ടി കൊണ്ട് എന്നെ തന്നെ നോക്കിയിരുന്നു.
“അവളുടെ ഫ്രണ്ട്സിനൊക്കെ സ്കൂട്ടി ഉണ്ട്. ഇവളേയും ഡ്രൈവിങ് സ്കൂളിൽ വിടാമെന്ന് പറഞ്ഞതിന്, അവള്‍ക്ക് താല്പര്യമില്ല പോലും. അതുകൊണ്ട് ദേഷ്യത്തില്‍ ഞാൻ അങ്ങനെ പറഞ്ഞു പോയി. പിന്നെ ദേഷ്യം പിടിപ്പിക്കാന അവളോട് ഞാൻ പിണങ്ങി ഇരുന്നത്”
ഞാൻ പറഞ്ഞത് കേട്ട് സാന്ദ്ര വായും പൊളിച്ചിരുന്നു. പക്ഷേ മാസങ്ങൾക്ക് മുമ്പ് സാന്ദ്രയോട് ഞാൻ പലവട്ടം ഡ്രൈവിംഗിന്റെ കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. വണ്ടി ഓടിക്കാന്‍ താല്‍പര്യം ഇല്ലെന്ന് തന്നെയാ അവൾ മറുപടി പറഞ്ഞത്.
