“സാന്ദ്ര…!” ഞാൻ ശബ്ദം താഴ്ത്തി വിളിച്ചതും അവളുടെ ശരീരം താനെ പ്രതികരിക്കാൻ ശ്രമിക്കുന്നത് പോലെ ഒന്ന് ഇളകി. പക്ഷേ അവളുടെ വാശി കാരണം അവള്‍ വിളി കേള്‍ക്കാതെ കിടന്നു.
ഞാൻ നടന്നു പോയി ബെഡ്ഡിൽ കേറി അവളുടെ അടുത്തായിരുന്നു.
“എടി മോളെ..?” അവളുടെ തോൾപ്പലകയിൽ എന്റെ കൈ വച്ചു കൊണ്ട് ഞാൻ പിന്നെയും വിളിച്ചു. പക്ഷേ അവള്‍ അനങ്ങാതെ കിടന്നു.
“എന്റെ പൊന്നു മോള് എണീറ്റേ.” ഞാൻ സ്നേഹത്തോടെ പറഞ്ഞതും അവള്‍ പെട്ടന്ന് കണ്ണ് തുടച്ചു. പിന്നെ മലര്‍ന്നു കിടന്നിട്ട് എന്നെ നോക്കി.
അവളുടെ കണ്ണില്‍ നല്ല സങ്കടം ഉണ്ടായിരുന്നു.
“എനിക്ക് ഉറങ്ങണം. എന്നെ ശല്യം ചെയ്യാതെ പുറത്തിറങ്ങി പോയി തരാമോ…?!” അവൾ കൈ കൂപ്പി.
അവള്‍ അങ്ങനെ പറഞ്ഞപ്പൊ എനിക്ക് ശെരിക്കും വേദനിച്ചു. എനിക്ക് വായ തുറന്ന് സംസാരിക്കാൻ പോലും കഴിഞ്ഞില്ല.
അവളുടെ ആഗ്രഹം പോലെ ഞാൻ ചെയ്യാം എന്നപോലെ തലയാട്ടിയ ശേഷം ഞാൻ ബെഡ്ഡിൽ നിന്നിറങ്ങി വേഗം വാതിൽ നോക്കി നടന്നു.
“സാമേട്ടാ….!!” പെട്ടന്ന് സാന്ദ്ര സങ്കടത്തോടെ വിളിച്ചിട്ട് ബെഡ്ഡിൽ നിന്നിറങ്ങി ഓടി വരുന്നത് കേട്ടു.
ഞാൻ തിരിഞ്ഞതും അവൾ എന്നെ കെട്ടിപിടിച്ചതും ഒരുമിച്ചായിരുന്നു.
സത്യത്തിൽ ഞാൻ അന്തിച്ചാണ് നിന്നത്. ബൈക്കില്‍ പോകുമ്പോൾ അവളെന്നെ കെട്ടിപിടിച്ചു കൊണ്ട് ഇരിക്കറുണ്ട്, പക്ഷേ ആദ്യമായിട്ടാണ് അവൾ ഇങ്ങനെ എന്നെ കെട്ടിപിടിക്കുന്നത്.
“ഞാൻ എന്തെങ്കിലും പറഞ്ഞതും സാമേട്ടൻ ഇറങ്ങി പോകുമോ..?” അവള്‍ സങ്കടത്തോടെ ചോദിച്ചു.
പക്ഷേ എന്തു പറയണമെന്നറിയാതെ ഞാൻ വെറുതെ നിന്നു.
“കഴിഞ്ഞ കുറെ നാളായി സാമേട്ടന് എന്നോട് ദേഷ്യം മാത്രേയുള്ളു. ഞാൻ എന്തു പറഞ്ഞാലും എന്നെ കടിച്ചു കീറാൻ വരുന്നു. എപ്പോഴും എന്തിനാ എന്നോട് ദേഷ്യം കാണിക്കുന്നത്…?” അവള്‍ ശെരിക്കും വിഷമിച്ചു കൊണ്ടാണ് ചോദിച്ചത്.
എന്നിട്ട് സ്വബോധം വന്നത് പോലെ അവള്‍ പെട്ടന്ന് എന്നെ വിട്ടിട്ട് മാറി നിന്നെന്നെ നോക്കി.
അന്നേരമാണ് എനിക്ക് നഷ്ടബോധം തോന്നിയത്.. കാരണം, അവളെന്നെ കെട്ടിപിടിച്ചു കൊണ്ട് നിന്നപ്പോള്‍ ഞാനും അവളെ കെട്ടിപ്പിടിക്കാതെ വെറുമൊരു പൊട്ടനെ പോലെയാണ് നിന്നത്. അവളെ നെഞ്ചോട് ചേര്‍ത്തു പിടിക്കാന്‍ കിട്ടിയ സന്ദര്‍ഭത്തെ ഞാൻ നഷ്ടപ്പെടുത്തിയിരിക്കുന്നു.
