“ശെരി ചേട്ടാ, ഞാൻ വിളിച്ചത് ബുദ്ധിമുട്ടായെങ്കിൽ ഞാൻ വെച്ചേക്കാം…!!” അവള്‍ നിരാശയോടെ പറഞ്ഞപ്പോൾ ആണ് കുറച് നേരമായി ഒന്നും മിണ്ടാതെ ഞാൻ വെറുതെ നിന്നിരുന്ന കാര്യം പോലും എനിക്ക് കത്തിയത്.
“യേയ്, എനിക്ക് ബുദ്ധിമുട്ട് ഒന്നുമില്ലേ..!” ഞാൻ അല്‍പ്പം ധൃതിയില്‍ പറഞ്ഞു. “ഞാൻ പെട്ടന്ന് ഞങ്ങളുടെ പ്രണയ കാലത്തെ കുറിച്ച് ചിന്തിച്ചു പോയി.” ഞാൻ തമാശ പോലെ പറഞ്ഞതും ദേവി ചിരിച്ചു.
ആ ചിരിയില്‍ നിരാശ മാറി ആശ്വാസം ഉണ്ടായിരുന്നു.
“പിന്നേ എന്റെ അമ്മായിയുടെ സ്ഥിരമായ ഗൗരവ ഭാവത്തിന് മറ്റം കൊണ്ടു വന്നതിനും താങ്ക്സ് പറയാൻ കൂടിയ ഞാൻ വിളിച്ചത്.” ആശ്ചര്യവും ബഹുമാനവും കലര്‍ന്ന സ്വരത്തിലാണ് ദേവി പറഞ്ഞത്.
അതുകേട്ട് ഞാൻ ചിരിക്കുക മാത്രമാണ് ചെയ്തത്.
“ഇന്നലെ നിങ്ങൾ പോയ ശേഷം ചേട്ടന്റെ പുരാണം തന്നെയാ അമ്മ പാടി കൊണ്ടിരുന്നത്.” ദേവി പറഞ്ഞു.
“ആന്റി കരുതുന്ന പോലെ ഞാൻ അത്ര മാന്യന്‍ ഒന്നുമല്ല, കേട്ടോ..!!” പകുതി തമാശയായും പകുതി സീരിയസ്സായും ഞാൻ പറഞ്ഞപ്പോ ദേവി ചിരിച്ചു.
“ഒരു മനുഷ്യനും നൂറു ശതമാനം നല്ലവരാവാൻ കഴിയില്ല ചേട്ടാ. ഏതെങ്കിലും സാഹചര്യത്തിൽ എന്തെങ്കിലും തെറ്റിനെ ചെയ്തു പോകും. പക്ഷേ മറ്റുള്ളവരോട് ചേട്ടൻ എങ്ങനെ എന്നൊന്നും എനിക്ക് നോക്കേണ്ട കാര്യമില്ല, എന്നോട് ചേട്ടൻ ഏതു രീതിയില്‍ പെരുമാറുന്നു എന്ന കാര്യത്തെ മാത്രം എനിക്ക് നോക്കിയാൽ മതി. പിന്നെ ഇതുവരെ ചേട്ടൻ എന്നോട് ഒരു കുറ്റവും കാണിച്ചിട്ടില്ല. എനിക്ക് അതുമാത്രം മതി.” ദേവി കാര്യമായി പറഞ്ഞു.
“സത്യം പറയാമല്ലോ ദേവി… നിന്നെ ആദ്യമായി സ്കൂളിൽ വെച്ച് കണ്ടപ്പോ നിന്റെ ഐശ്വര്യവും ലക്ഷണവും സൗന്ദര്യവും എല്ലാം കണ്ടിട്ട് പെട്ടന്നൊരു ഇഷ്ട്ടവും അടുപ്പവുമാണ് ആദ്യം തോന്നിയത്. കൈകൂപ്പി നിൽക്കാൻ പോലും തോന്നിയതാണ്. പക്ഷേ അന്ന് നിന്റെ ജാടയും സംസാര രീതിയും കാരണം ശെരിക്കും നിന്നോട് അകല്‍ച്ച തോന്നി പോയി. പിന്നെ നിന്റെ പ്രൊഫൈലിൽ കണ്ട കുഞ്ഞിനെ കുറിച്ച് തിരക്കിയപ്പോ നി അവോയ്ഡ് ചെയ്യുകയും കൂടിയായപ്പോ ശെരിക്കും വെറുത്തു പോയിരുന്നു.”
