സാന്ദ്ര ബൈക്കില്‍ കേറിയതും എന്റെ അരയില്‍ ചുറ്റിപ്പിടിച്ചു. ചില പയ്യന്‍മാർ എന്നെ അസൂയയോടെ നോക്കി.. എന്നിട്ട് സാന്ദ്രയെ നെടുവീര്‍പ്പോടെ നോക്കുന്നതും കണ്ടു.
അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. സാന്ദ്രയെ പോലത്തെ സുന്ദരി ഇങ്ങനെ ഒരാളെ കെട്ടിപിടിച്ചു കൊണ്ടിരിക്കുന്നത് കണ്ടാല്‍ അസൂയ തോന്നിപ്പോകും.
അന്നേരം സാന്ദ്ര എന്നോട് കൂടുതൽ ചേര്‍ന്നിരുന്നു. എന്റെ അരയില്‍ ഉണ്ടായിരുന്ന അവളുടെ കൈ എന്റെ മാറിനെ ചുറ്റി വരിഞ്ഞു, ആ പയ്യന്‍മാരുടെ അസൂയ വർദ്ധിപ്പിക്കാനെന്ന പോലെ.
എനിക്ക് സന്തോഷവും ചിരിയും എല്ലാം ഒരുമിച്ച് വന്നു. ഈ പെണ്ണിന് ശെരിക്കും വട്ട് തന്നെ. ഞാൻ ബൈക്ക് മുന്നോട്ടെടുത്തു.
“എടി നിന്റെ പിണക്കം ഇതുവരെ മാറീലേ…?” പകുതി വഴിക്ക് വച്ച് ഞാൻ ചോദിച്ചു. പക്ഷേ അവള്‍ മിണ്ടിയില്ല.
എത്ര ക്ഷമ ചോദിച്ചിട്ടും അവള്‍ എന്നോട് സംസാരിച്ചില്ല.
ഒരു വഴി തിരിവ് വന്നപ്പോ വീട്ടിലേക്ക് പോകുന്ന വഴിക്കല്ല ഞാൻ തിരിഞ്ഞത്…. ബീച്ചിലേക്ക് പോകുന്ന വഴിക്കാണ് ഞാൻ ബൈക്ക് വിട്ടത്.
സാന്ദ്രയുടെ കണ്ണുകൾ വിടര്‍ന്നത് കണ്ണാടിയിലൂടെ ഞാൻ കണ്ടു. അവളുടെ മുഖത്ത് സന്തോഷം മിന്നിമറഞ്ഞതും ഞാൻ കണ്ടു.
ബീച്ചിന് അടുത്തുള്ള ആ വലിയ ഫാമിലി ബേക്കറിക്ക് സൈഡിലായി ഞാൻ ബൈക്ക് നിർത്തി.
സാന്ദ്ര ബൈക്കില്‍ നിന്നിറങ്ങി നിന്നു.
“വാ നമുക്ക് എന്തെങ്കിലും കഴിക്കാം.” അതും പറഞ്ഞ് ഞാൻ അവളുടെ കൈ വിരലുകളെ കോര്‍ത്ത് പിടിച്ചു.
ഉടനെ സാന്ദ്രയുടെ മുഖം പ്രകാശിച്ചു. അവള്‍ ഒന്നും മിണ്ടിയില്ലെങ്കിലും ഉത്സാഹത്തോടെ എന്റെ വിരലുകളെ മുറുകെ പിടിച്ചു കൊണ്ട് നടന്നു.
ബേക്കറിയിൽ കേറി അവളെ ഞാൻ മുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. എന്നിട്ട് രണ്ടുപേര്‍ക്ക് ഇരിക്കാനുള്ള വട്ട മേശയുടെ കസേരയില്‍ എതിരെതിരായി ഞങ്ങൾ അമർന്നു. ഞങ്ങളെ കൂടാതെ രണ്ടു ചെറിയ ഫാമിലി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.
ഉടനെ ഓർടർ എടുക്കാൻ പത്തൊന്‍പത് വയസ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി ഞങ്ങളെ സമീപിച്ചു.
“എന്താ വേണ്ടത്, ചേച്ചി…..” അവൾ ആദ്യം സാന്ദ്ര യോട് ചോദിച്ചിട്ട് എന്നെയും നോക്കി.
ഉടനെ ചോദ്യ ഭാവത്തില്‍ സാന്ദ്ര എന്നെ നോക്കി.
“നിനക്ക് ഇഷ്ടമുള്ളത് തന്നെ എനിക്കും പറഞ്ഞാൽ മതി.” അവളോട് ഞാൻ പറഞ്ഞു.
