“ഏഹ്… ഞങ്ങൾ രണ്ടുപേരും അതിലെ പോയെന്നോ…?” ചേച്ചി ചിരിച്ചു. “വേറെ ആരെയോ സാം കണ്ടിട്ട് തെറ്റിധരിച്ചതാണ്. ഇന്ന് ഞാൻ പുറത്തിറങ്ങിയതേയില്ല. കഴിഞ്ഞ ആഴ്ചയാണ് അവസാനമായി ഞാൻ ദേവിയെ കണ്ടത് തന്നെ.” ചേച്ചി പിന്നെയും ചിരിച്ചു.
“അപ്പോ എനിക്ക് തോന്നിയതാവും.” ഞാനും ചിരിച്ചു. “പിന്നേ ഞാൻ വിളിച്ച സമയം ചേച്ചി എന്തിനാ പേടിച്ച പോലെ സംസാരിച്ചത്…?”
“നി പെട്ടന്ന് വിളിച്ചപ്പോ.. ഞാൻ കരുതി എന്നെ പിരിച്ചു വിടുന്ന കാര്യം വല്ലതും പറയുമെന്ന്. അതാ പേടിച്ച് പോയത്.” ചേച്ചി അല്‍പ്പം ജാള്യതയോടെ പറഞ്ഞു.
“ചേച്ചിയെ കുറിച്ച് ഇവിടെ എല്ലാവർക്കും നല്ല അഭിപ്രായമാണ്, അതുകൊണ്ട് ചേച്ചിയെ ഒരിക്കലും പിരിച്ചു വിടില്ല. ചേച്ചിക്ക് ഇഷ്ടമുള്ള വരെ ഇവിടെ ജോലി ചെയ്യാം. എന്ന ശെരി ചേച്ചി, ഉച്ചക്ക് കാണാം.” അത്രയും പറഞ്ഞിട്ട് ഞാൻ വച്ചു.
‘എന്റെ ദേവി… എന്തു കളിയാ നി കളിക്കുന്നത്…?’ എന്റെ മനസ്സിൽ ഞാൻ ചോദിച്ചു. ഇന്ന് എന്നോട് രണ്ട് നുണയാണ് അവൾ പറഞ്ഞത്… പക്ഷേ എന്തിന്…? എന്റെ കൂടെ വെറുതെ ബൈക്കില്‍ വരാൻ മാത്രമാണോ…?
ഒന്നും മനസ്സിലായില്ലെങ്കിലും എനിക്കെന്തോ ഭയങ്കര ഉത്സാഹം തോന്നി.
മാളിൽ എങ്ങനെയൊക്കെയോ സമയം ഞാൻ തള്ളിനീക്കി. അങ്ങനെ പതിനൊന്നര ആയതും ഞാൻ ബൈക്കും എടുത്ത് സ്കൂളിലേക്ക് വിട്ടു. കറക്റ്റ് പന്ത്രണ്ടു മണിക്ക് എത്തുന്ന തരത്തിലാണ് സ്പീഡ് കൂട്ടിയും കുറച്ചും ഞാൻ ഓടിച്ചു.
ഞാൻ അവിടേ എത്തിയപ്പോ ദേവി സ്കൂൾ സെക്യൂരിറ്റിയുമായി ഗേറ്റിൽ സംസാരിച്ച് നില്‍ക്കുന്നതാണ് കണ്ടത്.
ഒരു അറുപത് വയസ്സ് അദ്ദേഹത്തിന് തോന്നിക്കും. സ്വന്തം മകളോടെന്ന പോലെ അദ്ദേഹം ദേവിയോട് പുഞ്ചിരിയോടെ സംസാരിച്ച് കൊണ്ടിരുന്നു.
“ശെരി അങ്കിള്‍, നാളെ കാണാം.” അതും പറഞ്ഞ് ദേവി വന്ന് എന്റെ ബൈക്കില്‍ കേറി എന്റെ തോളത്ത് പിടിച്ചു.
“പോകാം ചേട്ടാ…” നന്നായി പിടിച്ചിരുന്ന ശേഷം ദേവി പറഞ്ഞു.
ഞാനും പതിയെ മുന്നോട്ടെടുത്ത ശേഷം അവളോട് ചോദിച്ചു, “അപ്പോ തിരികെ സ്കൂളിൽ പോകുന്നില്ലേ..?”
“ഇല്ല ചേട്ടാ.. ഇനി സ്കൂളിൽ പോകുന്നില്ല.”
“അതുശരി, അപ്പോ ഈ ടീച്ചർ മടിച്ചി ആണല്ലോ…!” ഞാൻ കളിയാക്കിയതും അവൾ ചിരിച്ചു.
