എന്തൊക്കെയോ പറയാനായി അവള്‍ ശ്രമിച്ചു.. പക്ഷേ വാക്കുകൾ ഒന്നും പുറത്തേക്ക് വന്നില്ല. കണ്ണില്‍ ഭയങ്കര വിഷമം നിറഞ്ഞു നില്‍ക്കുന്നതും എനിക്ക് കാണാന്‍ കഴിഞ്ഞു.
ഇനി ഞാൻ കാരണം നിനക്ക് വിഷമം ഉണ്ടാവില്ല എന്ന് ബോധിപ്പിക്കുന്ന പോലെ ഞാൻ ഒന്ന് പുഞ്ചിരിച്ചു… ശേഷം എന്റെ ബൈക്ക് പതിയെ മുന്നോട്ട് നീങ്ങി.
ഇനി കാര്‍ത്തികയും സുമയെ കുറിച്ചും തെറ്റായ രീതിക്ക് പോലും ചിന്തിക്കാൻ പാടില്ലെന്ന് ഞാൻ തീരുമാനിച്ചു.
ശേഷം അവരെ എന്റെ മനസ്സിന്റെ ആഴങ്ങളില്‍ ഞാൻ മറച്ചു പൂഴ്ത്തി വച്ചു. എന്നാൽ അവര്‍ക്ക് പകരം ദേവി എന്റെ മനസ്സിനെ ആക്രമിച്ചു.
ദൈവമേ… എന്തൊരു പരീക്ഷണം ആണിത്…!? ഒരു നിമിഷത്തേക്ക് പോലും ഏതെങ്കിലും പെണ്ണിനെ വിചാരിക്കാതിരിക്കാൻ എനിക്ക് കഴിയില്ലേ..?
എത്രതന്നെ ഞാൻ ശ്രമിച്ചിട്ടും എന്റെ മനസ്സിൽ നിന്നും ദേവിയെ അകറ്റാൻ കഴിഞ്ഞില്ല. അവളെ ചുണ്ടിന് മുകളിലുള്ള ആ കുഞ്ഞു കുത്തും… അവളുടെ ഒടുക്കത്തെ ഭംഗിയും ചിരിയും.. ഞങ്ങൾ സംസാരിച്ച കാര്യങ്ങളും.. പൈങ്കിളിയിൽ നടന്ന സംഭവവും… അവസാനം അവള്‍ പിണങ്ങി ചെന്നതും എല്ലാം എന്റെ മനസ്സിൽ തിങ്ങി നിറഞ്ഞു.
ആ ചിന്തകൾ എന്നെ ശെരിക്കും നിയന്ത്രിച്ച് എന്റെ സ്വബോധത്തെ പോലും മറച്ചു. ഒരു യന്ത്രം പോലെയാണ് ഞാൻ ബൈക്ക് ഓടിച്ചത്… എന്റെ മനസ്സിന്റെ നിയന്ത്രണത്തിൽ ആണ് എന്റെ കൈകൾ ചലിച്ചത്. ഒടുവില്‍ ഞാൻ ദേവിയുടെ കോമ്പൗൻഡ് ഗേറ്റിനു മുന്നിലെത്തി നിന്നപ്പോഴാണ് സ്വബോധം വീണ്ടെടുത്തത്.
ഞാൻ അന്തംവിട്ട് കുറേനേരം ആ അടഞ്ഞു കിടന്ന ഗേറ്റിനെയും നോക്കി ബൈക്കില്‍ തന്നെയിരുന്നു.
‘ഒരു പ്രശ്‌നത്തില്‍ നിന്നും എന്നെ അടുത്ത പ്രശ്‌നത്തിലേക്ക് എത്തിച്ച തെണ്ടി.. ദ്രോഹി..!!’ എന്റെ മനസ്സിനെ ഞാൻ പ്രാകി.
അവസാനം തലയാട്ടി കൊണ്ട് അവിടെ നിന്നും തിരിച്ചു പോകാനായി എന്റെ വണ്ടിയെ ഞാൻ പതിയെ കറക്കി തിരിച്ചു.
“എടാ സാം മോനെ…!!” പെട്ടന്ന് ദേവാംഗന ആന്റിയുടെ ശബ്ദം എന്റെ ചെവിയെ തുളച്ചു എന്നെയും ബൈക്കിനെയും സ്തംഭിപ്പിച്ചു.
പത്ത് സെക്കന്‍ഡ് കഴിഞ്ഞ് സ്തംഭനം മാറിയതും ആന്റിയുടെ ശബ്ദം വന്ന ദിശയിലേക്ക് ഞാൻ നോക്കി.
വീടിന്റെ ടെറസിൽ ദേവാംഗന ആന്റി വറ്റല്‍ മുളക് നിറച്ച വലിയൊരു കവറും പിടിച്ചുകൊണ്ട് നില്‍ക്കുന്നതാണ് കണ്ടത്. ആന്റിയുടെ തൊട്ടടുത്ത് ദേവിയും എന്നെ കണ്ട് അന്തിച്ചു നില്‍ക്കുകയായിരുന്നു.. അവളുടെ കൈയില്‍ കിങ്ങിണി മോളും ഉണ്ടായിരുന്നു.
