വെള്ളത്തിൽ കിടക്കുമ്പോൾ, അവളുടെ മനസ്സിൽ ഒരു അപരിചിതത്വം അനുഭവപ്പെട്ടു. ചുമരുകളിൽ നിന്നും ഏകാന്തതയുടെ തണുപ്പ് പടരുന്നത് പോലെ. പക്ഷേ, അത് വെറും തന്റെ മനസ്സിന്റെ വിഭ്രമം മാത്രമാണോ? അതോ യഥാർത്ഥത്തിൽ ഈ വീടിന് എന്തോ പറയാനുണ്ടോ?
മുറിയിലെ ഈർപ്പം കൂടി വരുന്നതായി തോന്നി. അന്നയുടെ ശരീരം വിറയ്ക്കാൻ തുടങ്ങി. വെള്ളത്തിൽ കിടന്ന് അവൾ ആലോചിച്ചു—ഡേവിഡിനോടുള്ള പരിഭവം, സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബത്തിന്റെ അകൽച്ച—എല്ലാം കൂടി അവളെ വല്ലാതെ തളർത്തി.
“എടീ.. അവിടെ നീ എന്ന എടുക്കുവാ.. കുറെ നേരം ആയല്ലോ കയറിയിട്ട്..?” സച്ചിയുടെ ശബ്ദം അവളെ ഒരു നിമിഷം പഴയകാലത്തേക്ക് കൊണ്ടുപോയി—അവർ ഒരുമിച്ച് താമസിച്ചിരുന്ന കാലതിലോട്ട് . എന്നാൽ ഇപ്പോൾ ആ ബന്ധം മാറി, സങ്കീർണ്ണമായ ഒരു സൗഹൃദമായി മാത്രം ബാക്കി .
കുളിച്ചു കഴിഞ്ഞു, അന്ന അടുക്കളയിലേക്ക് വന്നപ്പോൾ, സച്ചി പച്ചക്കറികൾ അരിയുകയായിരുന്നു. അവൻ വാങ്ങി വന്ന ചെമ്മീൻ കഴുകി വച്ചിരിക്കുന്നു. Spotifyiൽ AR റഹ്മാന്റെ പഴയകാല ഹിറ്റുകൾ പതുക്കെ ഒഴുകുന്നുണ്ടായിരുന്നു.
“ഓർമയുണ്ടോ, നമ്മൾ ഇങ്ങനെ എല്ലാ ദിവസവും ഒരുമിച്ച് പാചകം ചെയ്തിരുന്ന കാലം?” സച്ചി ചോദിച്ചു. അവന്റെ ശബ്ദത്തിൽ നഷ്ടപ്പെട്ട എന്തോ ഒന്നിനെക്കുറിച്ചുള്ള വേദന ഒളിഞ്ഞിരുന്നു.
മറുപടി പറയും മുമ്പേ അന്നയുടെ ഫോൺ റിങ് ചെയ്തു—ഡേവിഡ് ആയിരുന്നു. സിംഗപ്പൂരിലെ വൈകുന്നേരത്തിന്റെ തിരക്കിനിടയിൽ നിന്നും അവൻ വിളിച്ചതാണ്. “എന്താ മോളേ… കുറേ നേരമായി വിളിക്കാൻ നോക്കുന്നു. മീറ്റിംഗ് ഇപ്പോൾ കഴിഞ്ഞതേയുള്ളൂ.” ഡേവിഡിന്റെ ക്ഷീണിച്ച ശബ്ദം.
“ഞാൻ സച്ചിയുടെ കൂടെ ഡിന്നർ റെഡി ആക്കുകയാണ്,” അന്ന പറഞ്ഞു.
“ഓ… സച്ചിയും അവിടെയുണ്ടോ? നല്ലത്. അവനെ ഒന്ന് സഹായിക്കണേ. കഴിഞ്ഞ ആഴ്ച്ച അമ്മ പറഞ്ഞു, അവൻ ഒറ്റയ്ക്ക് ആയതിന് ശേഷം ശരിക്ക് ഭക്ഷണം പോലും കഴിക്കാറില്ലെന്ന്…”
“ഡേവിഡ്… പിന്നെ വിളിക്കാം,” അന്ന പെട്ടെന്ന് കോൾ കട്ട് ചെയ്തു. സച്ചിയുടെ നേർക്ക് നോക്കാൻ പോലും കഴിയാതെ, അവൾ ചെമ്മീൻ കഴുകാൻ തുടങ്ങി. അടുക്കളയിൽ പെട്ടെന്ന് ഒരു അസ്വസ്ഥമായ നിശ്ശബ്ദത പരന്നു. പുറത്ത് സന്ധ്യയുടെ നിഴലുകൾ നീണ്ടു വീണു തുടങ്ങിയിരുന്നു.
ഒരു രക്ഷയുമില്ല, അടിപൊളി
Nice