: ഞാനിന്നും നാളെയും ഇവിടെത്തന്നെ താമസിക്കണമെന്നാ സുശീലാമ്മ പറഞ്ഞിരിക്കുന്നത്.
: നല്ല കാര്യം.
അവൾക്ക് അവന്റെ ആ മറുപടിയിൽ തൃപ്തി വന്നില്ല. ഇന്ന് രാവിലെ മുതൽ സന്തോഷവാനായിരുന്ന അവനെ നിമിഷം നേരം കൊണ്ട് ദുഃഖിതൻ ആക്കിയത് താനാണെന്ന പശ്ചാത്താപം അവളുടെ മനസ്സിൽ കിടന്നു വളരാൻ തുടങ്ങി.
അത്താഴഭക്ഷണത്തിനും അവൻ അധികം ഒന്നും സംസാരിച്ചില്ല.
എന്നാൽ മായയോട് അവൻ ഒരു ദേഷ്യവും കാണിച്ചില്ല.
അന്ന് രാത്രി അവർ ഒരു മുറിയിൽ കിടന്നു. അനു കട്ടിലിലും മായ നിലത്തുമായിട്ടാണ് കിടന്നത്.
മായക്ക് കിടന്നിട്ട് ഉറക്കം വന്നില്ല.
അനുവും ഉറങ്ങിയിട്ടില്ലായിരുന്നു.
നല്ലൊരു സുഹൃത്ത് ബന്ധം താൻ തന്നെ നഷ്ടപ്പെടുത്തിയല്ലോ എന്ന കുറ്റബോധമായിരുന്നു അനുവിന്റെ മനസ്സ് നിറയെ. അവൻ ചരിഞ്ഞു കിടന്ന് നിലത്ത് കിടക്കുന്ന മായയെ നോക്കി.
അവളും കണ്ണ് തുറന്നു കിടക്കുന്നത് നേരിയ വെട്ടത്തിൽ അനുവിന് കാണാമായിരുന്നു. അവൻ അവളുടെ കണ്ണിലേക്ക് കുറെ നേരം നോക്കിക്കിടന്നു.
അങ്ങനൊന്നും ചെയ്യേണ്ടിയിരുന്നില്ല എന്ന് അവന്റെ മനസ്സ് വീണ്ടും വീണ്ടും പറയാൻ തുടങ്ങി.
അവൻ തിരിഞ്ഞു കിടന്നു.
അങ്ങനെ കിടന്നു രാത്രിയിൽ എപ്പോഴും ഒന്നു മയങ്ങി ആ മയക്കത്തിൽ കിടന്നവൻ ഉറങ്ങിപ്പോയി.
അന്ന് ഒരു പൗർണമി നാളായിരുന്നു.
ഭൂമിയിൽ ആകെ ചന്ദനം തേച്ചുപിടിപ്പിച്ചുകൊണ്ട് അമ്പിളി വൃക്ഷങ്ങൾക്കപ്പുറത്ത് ഒളിഞ്ഞു നിൽപ്പുണ്ടായിരുന്നു.
മായ അപ്പോഴും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല.
അവനെന്നെ വിശ്വാസമാണത്രേ അവൻ എന്തിനാണ് എന്നെ അത്രയും വിശ്വസിക്കുന്നത്.
