“…കല്യാണം കഴിഞ്ഞതിൽ പിന്നെ ദേവു ഞങ്ങളുടെ അടുത്തേക്ക് വരാനോ വിളിക്കാനോ കൂട്ടാക്കാത്തതിൽ എനിക്ക് അവളോട് ദേഷ്യവും വെറുപ്പും ഉണ്ടായിരുന്നു…” ഞാൻ ദേവൻ പറയുന്നത് ശ്രദ്ധയോടെ കേട്ടു.
“… അച്ഛൻ അവസാനമായി അവളോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോഴും അവൾ വന്നില്ല. മരണശേഷം തിരിച്ചു വന്ന ദേവൂനോട് ദേഷ്യത്തിന്റെ പുറത്ത് എന്തൊക്കെയോ വിളിച്ചു പറഞ്ഞു. എന്നോട് ഒരുപാട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി. അവസാനം വേദികയുടെ നിർബദ്ധപ്രകാരമാ ഞാൻ ദേവൂനോട് സംസാരിക്കാൻ കൂട്ടാക്കിയേ. എന്നാൽ അവൾ പറഞ്ഞ കാര്യങ്ങൾ…” പറഞ്ഞു മുഴുവിപ്പിക്കാൻ കഴിയാതെ ദേവന്റെ തൊണ്ട ഇടറി.
ദേവനോട് ദേവു പറഞ്ഞതും പറയാത്തതുമായ ദേവുവിന്റെ വിവാഹ ജീവിതത്തിലേക്ക് നമുക്ക് ഒന്ന് കണ്ണോടിക്കാം…
എല്ലാ കല്യാണപെണ്ണിനേയും പോലെ ഒരുഗ്ലാസ് പാലുമായി മണിയറയിലേക്ക് എത്തിയ ദേവു കാണുന്നത് മദ്യം ഒഴിച്ച ഗ്ലാസ്സിലേക്ക് വെള്ളം പകരുന്ന നിരഞ്ജനെ ആണ്.
“… ആഹാ ഇത്ര നേരത്തെ എത്തിയോ. Welcome to my palace…” ദേവു ചെറിയ പരിഭ്രമത്തോടെ കട്ടിലിന് അരികിലേക്ക് എത്തി.
“…കൈയിൽ പാലൊക്കെ ഉണ്ടല്ലോ. നീ തന്നെ അത് കുടിച്ചോ ഞാൻ കുടിച്ചാൽ പിരിയും…” കൈയിലെ ഗ്ലാസ് ഉയർത്തി കാട്ടി നിരഞ്ജൻ പറഞ്ഞു.
“…ഇങ്ങോട്ട് നീങ്ങി നിന്നെടി ഞാൻ നിന്നെ ശെരിക്കൊന്ന് കാണട്ടെ…” കട്ടിലിൽ ചരിഞ്ഞു കിടന്നുകൊണ്ട് അവൻ അരുളി. വേറെ വഴിയില്ലാതെ അവളും അനുസരിച്ചു.
