“… ടാ നിന്റെ അമ്മ ഏറെ ആഗ്രഹിച്ചത നിന്റെ വിവാഹം. ഇത്രയും നാൾ ഞങ്ങൾ എല്ലാരും അതെ പറ്റി സംസാരിച്ചെങ്കിലും നീ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി…”
“…മാമൻ എന്താ പറഞ്ഞു വരുന്നത് ദേവൂവും ആയിട്ടുള്ള വിവാഹത്തിൽ നിന്നും ഒഴിയണം എന്നാണോ…”
“… ഞാൻ നിന്നോട് അങ്ങനെ പറഞ്ഞോ. നിനക്ക് വിവാഹം വലിയ രീതിയിൽ നടത്താൻ താല്പര്യം ഇല്ലായിരിക്കാം. ഞങ്ങൾ ഇച്ചിരി പഴഞ്ചൻ ആൾക്കാരാ ഞങ്ങളുടെ സന്തോഷത്തിന് വേണ്ടി അമ്പലത്തിൽ വച്ച് താലി കെട്ടിക്കൂടെ…” മാമൻ ചോദിച്ചു.
“…മാമൻ പറയുന്നതിലും കാര്യം ഉണ്ട് ആശാനേ. ഒരുപക്ഷെ അമ്മയും അതായിരിക്കും ആഗ്രഹിക്കുന്നത്…” കിച്ചുവും മാമനെ പിന്താങ്ങി.
“… ഇതേപറ്റി ഞാൻ ദേവനുമായി ഒന്ന് സംസാരിക്കാം…” കുറച്ചു നേരം മൗനമായി നിന്ന തേജസിന് അവർ പറയുന്നതിലും കാര്യം ഉണ്ടെന്നു മനസിലായി.
ദേവനാനോട് ഈ കാര്യം സംസാരിച്ചു. അവൻ ഇത് ദേവുവിനോട് ചോദിച്ചപ്പോ ആദ്യം അവൾക്ക് വല്യ താല്പര്യം ഇല്ലായിരുന്നു. പിന്നെ എല്ലാരും അത് ആഗ്രഹിക്കുന്നെന്ന് തോന്നിയതും അതിന് സമ്മതം മൂളി.
നല്ലൊരു നാളും മുഹൂർത്തവും നോക്കി അടുത്തുള്ള ക്ഷേത്രത്തിൽ വച്ച് തേജസ് ദേവുവിന്റെ കഴുത്തിൽ താലി ചാർത്തി. ഒരുപാട് അർഭാടാമോ നാട്ടുകാരോ ഇല്ലാതെ അടുത്ത ബന്ധുക്കളും കൂട്ടുകാരും ഉള്ള ചെറിയൊരു ചടങ്ങ്. താലികെട്ടും ഹാരം ചാർത്തലും കഴിഞ്ഞ് രണ്ടുപേരും മുന്നിലെ കണ്ണന്റെ രൂപത്തിൽ മനസർപ്പിച്ച് പ്രാർത്ഥിച്ചു.
“…ദൈവമേ ഒരു തവണ എന്റെ മണ്ടത്തരവും കഴിവുകേടും കാരണം എന്റെ കൈവിട്ടു പോയവളേ നിയായിട്ട് തന്നെ എന്നിലേക്ക് തിരിച്ചെത്തിച്ചു. എങ്കിലും ഈ കുഞ്ഞു കാലത്തിന് ഇടക്ക് ആ പാവം അനുഭവിക്കാത്ത കഷ്ട്ടതകളോ ദുരിതങ്ങളോ ഇല്ല. എല്ലാം ഞാൻ കാരണം ആയിരുന്നല്ലോ എന്ന് ആലോചിക്കുമ്പോൾ ഉള്ള് ഇപ്പോഴും നീറുകയാ. ഇനിയുള്ള കാലം അവൾക്ക് ഒരു ചെറിയ വേദന പോലും നൽകാതെ പൊന്നുപോലെ ഞാൻ നോക്കിക്കോളാം ഒപ്പം നിന്റെ അനുഗ്രഹവും ഉണ്ടാവണെ…” കണ്ണുകൾ അടച്ചു മനസുരുകി തേജസ് പ്രാർത്ഥിച്ചു.
