“…കണ്ണാ നിനക്ക് അറിയാലോ ഞാൻ വിചാരിക്കുന്ന പോലെയല്ല എന്റെ ജീവിതത്തിൽ ഇതുവരെ സംഭവിച്ചത്. ഈ വിവാഹം പോലും അങ്ങനെ തന്നെയാണ്. എന്റെ മോൾക്ക് വേണ്ടിയാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത് അത് ഒരു എടുത്തുച്ചാട്ടം ആയിപോയോ എന്ന് പോലും എനിക്ക് അറിയില്ല. തേജസ് ഏട്ടനെ പണ്ട് ഞാൻ സ്നേഹിച്ചപോലെ ഇനി സ്നേഹിക്കാനോ വിശ്വസിക്കാനോ കഴിയുമോ എന്ന് എനിക്ക് അറിയില്ല. ഒരുപക്ഷെ സന്തോഷത്തോടുള്ള ഒരു ജീവിതം ഉണ്ടാവുമോ എന്നുപോലും എനിക്ക് അറിയില്ല. എല്ലാം ഞാൻ നിന്നിൽ അർപ്പിക്കുന്നു…” തന്റെ യാഥനകളും വേദനകളും കണ്ണന്റെ മുന്നിൽ ഏറ്റുപറഞ്ഞ് ദേവു പുതിയൊരു ജീവിതത്തിലേക്ക് കാലുവെച്ചു.
വിവാഹത്തിന് ശേഷം അടുത്തുള്ള ഓഡിറ്റോറിയത്തിൽ എല്ലാർക്കും ചെറിയൊരു സദ്യ ഏർപ്പാട് ആക്കിയിട്ടുണ്ടായിരുന്നു. എല്ലാരും അങ്ങോട്ടേക്ക് നീങ്ങി. സദ്യ കഴിക്കുന്ന നേരം കല്ലു തേജസിന്റെ മടിയിൽ ആയിരുന്നു. ആര് വിളിച്ചിട്ടും പോവാൻ അവൾ കൂട്ടാക്കിയില്ല. താൻ ചോർ കഴിക്കുന്നതിന്റെ കൂടെ കല്ലുവിനും ചോർ വാരികൊടുക്കുന്ന തേജസിനെ ദേവു നോക്കിയിരുന്നു. എല്ലാരും കഴിച്ചു കഴിഞ്ഞിട്ടും കല്ലുവും ദേവൂവും എഴുന്നേറ്റില്ല. അവരുടെ കളിചിരിയും സന്തോഷവും ദേവുവിന്റെ മനസ്സിൽ ചെറിയൊരു ആശ്വാസം പകർന്നു.
സദ്യ കഴിഞ്ഞതും എല്ലാരും പിരിഞ്ഞു പോയി. ദേവനും വേദികയും കിച്ചുവും ദേവൂവും തേജസും രജിസ്റ്റർ ഓഫീസിലേക്ക് പോകാൻ ഇറങ്ങി. മാമനും മാമിയും കല്ലുമോളും തേജസിന്റെ വീട്ടിലേക്കും.
രജിസ്റ്റർ ഓഫീസിൽ തേജസ് ഒപ്പിട്ട ശേഷം ദേവു ഒപ്പിടുന്ന നേരം കിച്ചു തേജസിന്റെ പിന്നിൽ നിന്നും രജിസ്റ്റർ ബുക്കിലേക്ക് എത്തി എത്തി നോക്കി.
