രാത്രി അത്താഴം കഴിക്കുന്ന സമയത്ത് ദേവൻ ആകെ അസ്വസ്ഥൻ ആയിരുന്നു. തേജസ് പറഞ്ഞ കാര്യം എങ്ങനെ ദേവുവിനോട് അവതരിപ്പിക്കും എന്ന ചിന്തയിൽ ആയിരുന്നു അവൻ. കഴിച്ചു കഴിഞ്ഞതും ദേവൻ ടീവിയും കണ്ട് ഹാളിൽ തന്നെ ഇരുന്നു. മുന്നിലെ tv ഓടുന്നുണ്ടെങ്കിലും ശ്രദ്ധ മുഴുവൻ അടുക്കളയിൽ ഉള്ള ദേവുവിന്റെ അടുത്ത് ആയിരുന്നു. പണികൾ എല്ലാം കഴിഞ്ഞ് ദേവു റൂമിലേക്ക് പോയി.
“…ദേവേട്ടാ വാ കിടക്കാം…” മുറികളിലെ ലൈറ്റുകൾ ഓരോന്നായി കെടുത്തുന്നതിന്റെ ഇടയിൽ വേദിക വിളിച്ചു.
“…നീ കിടന്നോ ഞാൻ ഇപ്പൊ വരാം…” വേദികയെ പറഞ്ഞയപ്പിച്ച് തേജസ് ടീവിയും ഓഫ് ആക്കി ദേവുവിന്റെ മുറിയിലേക്ക് ചെന്നു.
“…കല്ലു അടങ്ങി ഇരുന്നില്ലങ്കിൽ എന്റേന്ന് നല്ല തല്ല് കിട്ടും കേട്ടോ…” കിടക്ക വിരിക്കുന്ന ദേവുവിനെ ശല്യപെടുത്തുന്ന കല്ലുവിനെ ശാസിക്കുന്ന ദേവുവിന്റെ സ്വരവും കേട്ടാണ് ദേവൻ ആ മുറിയിലേക്ക് കടന്നത് .
“…എന്തിനാ മോളെ അമ്മയെ വെറുതെ ശല്യപെടുത്തുന്നെ…” ദേവന്റെ സൗണ്ട് കേട്ടാണ് കല്ലുവും ദേവൂവും വാതിൽക്കൽ നിക്കുന്ന ദേവനെ കാണുന്നത്.
“…മാമ.. അമ്മ കഥ പറഞ്ഞു തരാന്നു പറഞ്ഞ് പറ്റിക്ക…” ചുണ്ടും വലിച്ചിറക്കി ദേവന്റെ പക്കൽ കല്ലുമോൾ പരാതി പറഞ്ഞു.
“…അത് അമ്മക്ക് കഥ അറിയാത്തത് കൊണ്ടാവും. മോള് ഒരു കാര്യം ചെയ്യ് വേദിക മാമിയുടെ അടുത്തേക്ക് ചെല്ല്. മാമിക്ക് ഒരുപാട് കഥ അറിയാലോ…” അത് കേട്ടതും തുള്ളിചാടി അവൾ നേരെ ദേവന്റെ മുറിയിലേക്ക് ഓടി.
