“…മോള് പുറത്ത് പോയി കഴിച്ചോട്ടോ…” കല്ലുവിന്റെ നെറുകയിൽ ചുംബനം നൽകി അവളെ പുറത്തേക്ക് അയച്ച ശേഷം വേദിക ദേവുവിന്റെ അടുത്ത് വന്ന് ഇരുന്നു.
“…നിനക്ക് എന്നോടും ദേഷ്യം ആണോ…” കുറച്ചു സമയം കഴിഞ്ഞിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്ന ദേവുവിനോട് വേദിക ചോദിച്ചു.
“…നിന്നോട് എനിക്ക് എന്തിനാ ദേഷ്യം…” ചിരിക്കാൻ ശ്രെമിച്ചുകൊണ്ട് ദേവു പറഞ്ഞു.
“… അമ്മ പറഞ്ഞത് ഓർത്ത് നീ വിഷമിക്കണ്ട. അമ്മക്ക് അല്ലെങ്കിലും ആരോട് എന്ത് സംസാരിക്കണം എന്ന് അറിയില്ല. അതിനുള്ളത് ഉള്ളത് ഞാൻ ആവിശ്യത്തിന് കൊടുത്തിട്ടുണ്ട്. ഇനിയും നിന്റെ വിഷമം മാറിയില്ലെകിൽ അമ്മക്ക് വേണ്ടി ഞാൻ നിന്നോട് ക്ഷമ ചോദിക്കാം…”
“…ഹേയ് വേദികേ എന്താ ഇത്. നീ എന്തിനാ എന്നോട് ക്ഷമ ചോദിക്കുന്നെ. അല്ലെങ്കിലും നിന്റെ അമ്മ പറഞ്ഞതിൽ എന്താ തെറ്റുള്ളത്. ദേവേട്ടൻ സമ്പാദിക്കേണ്ടത് ഏട്ടന്റെ കുടുംബത്തിന് വേണ്ടി അല്ലെ അല്ലാതെ കെട്ടുതാലി പൊട്ടിച്ചെറിഞ്ഞു വന്ന പെങ്ങൾക്കും മോൾക്കും വേണ്ടി അല്ലല്ലോ…”
“…നീ ഇത് എന്തൊക്കെയാ പറയുന്നേ. നിന്നെയും മോളെയും അന്യൻ ആയിട്ട് ആണോ ഞങ്ങൾ കാണുന്നെ…”
“…അത് നിങ്ങളുടെ വലിയ മനസ്. സരസ്വതിയമ്മ പറഞ്ഞപോലെ പണ്ടത്തെ അവകാശമോ അധികാരമോ എനിക്ക് ഇന്ന് ഈ വീട്ടിൽ ഇല്ല. അത് മനസ്സിലാക്കി ഞാൻ പെരുമാറണം ആയിരുന്നു…”
“…ഇത് നിന്റെ വീട് തന്നെയാ. അതിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അതുകൊണ്ട് പൂർണ അധികാരത്തോടെയും അവകാശത്തോടെയും നിങ്ങൾക്ക് ഇവിടെ എന്തും ചെയ്യാം…” ദേവുവിന്റെ സംസാരം വേദിക്ക് നല്ല ദേഷ്യം ഉണ്ടാക്കുന്നുണ്ടായിരുന്നു.
