“…നീ ഇത് ആരോടാ പിറു പിറുക്കുന്നത്…” അടുപ്പിൽ എന്തോ ഉണ്ടാക്കികൊണ്ട് സ്വയം സംസാരിക്കുന്ന ദേവുവിനോട് ഞാൻ ചോദിച്ചു.
“…പേടിച്ചു പോയല്ലോ. നിങ്ങൾക്ക് ഒന്ന് വിളിച്ചിട്ട് വന്നൂടെ…” പെട്ടെന്നുള്ള എന്റെ സംസാരം കേട്ട് ഞെട്ടി തിരിഞ്ഞ് ദേവു എന്നോട് ചൂടായി.
“… സോറി…” കാര്യം നമ്മുടെ ഭാഗത്ത് ആണല്ലോ തെറ്റ്. ദേവു ഒറ്റക്ക് അല്ലെ വീട്ടിൽ ഉള്ളത് അപ്പൊ വിളിച്ചിട്ട് ഒക്കെ വരണമായിരുന്നു.
“…നിങ്ങള് മോളെയും കൊണ്ട് എവിടെ പോയതാ…” ദേഷ്യം മാറാതെ ദേവു ചോദിച്ചു.
“… അത് ശെരി. എന്നോട് ഒന്നും പറയാതെ നീ രാവിലെ ജോലിക്ക് പോയി എനിക്ക് ആണെങ്കിൽ ഷോപ്പിലും പോണം. അങ്ങനെ ഉള്ളപ്പോ കല്ലുമോളെ ഞാൻ എന്ത് ചെയ്യാനാ. അവസാനം മാമിയുടെ അടുത്ത് ആക്കിയിട്ട ഞാൻ പണിക്ക് പോയത്…” ഞാൻ പറയുന്നത് കേട്ടതും ദേവു ഒന്ന് അടങ്ങി.
“…സോറി. കല്ലുവിന്റെ കാര്യം ഞാൻ ഓർത്തില്ല. പിന്നെ നിങ്ങൾ ഇന്ന് ജോലിക്ക് പോവുമെന്ന് എനിക്ക് അറിയില്ലല്ലോ…” ദേവു തെറ്റ് സമ്മതിച്ച് സ്വയം ന്യായീകരിക്കാൻ ശ്രെമിച്ചു.
“…ഇനി പറഞ്ഞിട്ട് എന്താ നീ ഇന്ന് ജോലിക്ക് പോകുമെന്ന് ഞാനോ ഞാൻ ഇന്ന് ജോലിക്ക് പോകുമെന്ന് നീയോ അറിഞ്ഞില്ല. അതുകൊണ്ട് അല്ലെ ഇങ്ങനെ ഒക്കെ പറ്റിയത്…”
“…ആഹ് പിന്നെ മോളെ എന്നും ഇങ്ങനെ മാമിയെ ഏൽപ്പിച്ചു പോകാൻ പറ്റില്ല…” ഞാൻ പറഞ്ഞു.
