“…അച്ഛ… അച്ഛാ…” ക്ലാസിലെ ജനലിൽ നിന്നും മാറിയതും എന്നെയും വിളിച്ച് കരഞ്ഞോണ്ട് കല്ലു ഓടി എന്റെ അടുത്തേക്ക് വന്നു.
“…എന്താ മോളെ. എന്തിനാ അച്ഛന്റെ മോള് കരയുന്നെ…” കല്ലുവിന്റെ എടുത്ത് ആ കവിളിലേ കണ്ണീര് ഒപ്പി ഞാൻ ചോദിച്ചു.
“…നമുക്ക് വീട്ടിൽ പോവാം അച്ഛാ…” എന്റെ കഴുത്തിൽ കെട്ടിപ്പിടിച്ച് എങ്ങൽ അടിച്ച് കരയാൻ തുടങ്ങി.
“…ഓ… ഓ… എന്താടാ ഇത്. അച്ഛൻ ഇവിടെ തന്നെ ഇല്ലേ പിന്നെ എന്തിന മോള് കരയുന്നെ…” കല്ലുവിന്റെ പുറത്ത് തട്ടി അവളെ അശ്വസിപ്പിക്കാൻ ശ്രമിച്ചു.
“… സോറി ടീച്ചർ. ആദ്യമായിട്ടാ ഇങ്ങനെ പരിചയം ഇല്ലാത്ത ഇടത്ത് ഒറ്റക്ക് അതിന്റെയ…” എന്റെ അടുത്തേക്ക് വന്ന ക്ലാസ്സ് ടീച്ചറോട് ഞാൻ കാര്യം പറഞ്ഞു.
“…ഏയ്യ് പിള്ളേർ അല്ലെ. ആദ്യം ഒക്കെ ഇങ്ങനെ തന്ന…” പുഞ്ചിരിയോടെ കല്ലുവിനെ എടുക്കാൻ ടീച്ചർ കൈ നീട്ടിയെങ്കിലും കല്ലു പോകാൻ കൂട്ടാക്കിയില്ല.
“…കല്ലു മോളെ ദേ ടീച്ചർ വിളിക്കുന്നു നോക്ക്…” ഞാൻ എന്തൊക്കെ പറഞ്ഞിട്ടും കല്ലു എന്റെ തോളിൽ തന്നെ അള്ളിപിടിച്ചിരുന്നു.
“…കല്ലുമോൾ വന്നാൽ ദാ ടീച്ചർ മിട്ടായി തരാലോ…” കല്ലുവിനെ മിട്ടായി കാണിച്ചതും കല്ലു ഒന്ന് ശാന്തമായി.
“…ദേ മോള് ടീച്ചറുടെ കൂടെ ചെന്നാൽ ടീച്ചർ ഒരുപാട് മിട്ടായി തരും…” ഞാൻ അത് പറഞ്ഞതും സംശയത്തോടെ കല്ലു എന്നെയും ടീച്ചറെയും മാറി മാറി നോക്കി.
