“…വാ… വാ… വാ… അങ്ങനെ തന്നെ മിടുക്കി…” ഇത്തവണ ടീച്ചർ കൈ നീട്ടിയതും മനസ്സില്ല മനസ്സോടെ കല്ലു ടീച്ചറുടെ കൈയിലേക്ക് പോയി.
“…അച്ഛൻ വൈകിട്ട് നേരത്തെ വരാട്ടോ. അതുവരെ ടീച്ചർ പറയുന്നത് എല്ലാം കേൾക്കണേ…” അതിന് കല്ലു തലയിട്ടിയതും അവൾക്ക് ഒരുമ്മ നൽകി ഞാൻ ഷോപ്പിലേക്ക് ഇറങ്ങി.
ഷോപ്പിലേക്ക് വണ്ടി ഓട്ടിക്കുന്ന വഴിയിൽ പണ്ട് എന്നെ അമ്മ സ്കൂളിൽ കൊണ്ട് ആക്കിയപ്പോ ഞാൻ കരഞ്ഞു വിളിച്ചത് ആയിരുന്നു ഓർമ വന്നതും. അന്ന് അമ്മക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് എന്നെ കൊണ്ട് കളഞ്ഞത് ആണെന്നാണ് ഞാൻ കരുതിയെ. പക്ഷെ അന്ന് അമ്മ അനുഭവിച്ച വിഷമം എന്താന്ന് ഇന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്. അതെല്ലാം ഓർത്തപ്പോ കണ്ണുകൾ നിറഞ്ഞു.
“…കല്ലുവിന്റെ ഫസ്റ്റ് ഡേ എങ്ങനെ ഉണ്ട് ആശാനേ. അവൾ അവിടെ അടങ്ങി ഇരുന്നോ…” ഷോപ്പിൽ എത്തിയതും കിച്ചു അന്വേഷിച്ചു.
“…ഒന്നും പറയണ്ട. കരഞ്ഞുവിളിച്ച് ആകെ കുളമാക്കി. പിന്നെ ടീച്ചർ തഞ്ചത്തിൽ പറഞ്ഞ് അവളെ കൈയിൽ എടുത്തു…”
“… ആദ്യ ദിവസം അല്ലെ ആശാനേ അതിന്റെയ. കൂട്ടുകാർ ഒക്കെ ആവുമ്പോൾ കല്ലു ഹാപ്പി ആയിക്കോളും…” ഞാൻ കിച്ചു പറഞ്ഞത് മൂളിക്കേട്ടു.
അന്നത്തെ ദിവസം ഞാൻ ആകെ അസ്വസ്ഥൻ ആയിരുന്നു. കല്ലുമോൾ ഇപ്പൊ എന്ത് ചെയ്യുന്നുണ്ടാവും, ഇപ്പോഴും കരഞ്ഞോണ്ട് ഇരിക്കണോ അങ്ങനെയുള്ള ചോദ്യങ്ങൾ എന്റെ ഉള്ളിൽ അലയടിച്ചോണ്ട് ഇരുന്നു. ഉച്ചക്ക് നേരെ ആഹാരം കഴിക്കാൻ പോലും കഴിഞ്ഞില്ല.
