രാത്രി താൻ ചായ കുടിക്കാൻ നിന്നിരുന്ന ആ ചെറിയ കാന്റീൻ, ഷാജിയേട്ടന്റെ കൂടെ ആരും ഇല്ലാതെ അർദ്ധരാത്രികളിൽ സിഗരറ്റ് വലിച്ചു നിൽക്കാറുള്ള ആ മരച്ചുവട്…
എല്ലാം അവിടെത്തന്നെയുണ്ട്. മാറ്റം വന്നത് തനിക്ക് മാത്രമാണ്.
താൻ വലിയൊരു സർജനായി, വലിയൊരു സമ്പന്നനായി.
പക്ഷേ, ഇന്നും ആ പഴയ ജൂനിയർ സർജന്റെ വിറയൽ തന്റെ ഉള്ളിലുണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞു.
മഞ്ഞിന്റെ നേർത്ത പാളികൾക്കിടയിലൂടെ ഹോസ്പിറ്റൽ കെട്ടിടം കാണുമ്പോൾ അത് തന്നെ പരിഹസിക്കുന്നതുപോലെ മാത്യുവിന് തോന്നി.
“നീ എത്ര ദൂരം ഓടിയാലും, നിന്റെ വേരുകൾ ഇവിടെയാണ് മാത്യൂ…”
ആ പഴയ ചുവരുകൾ മന്ത്രിക്കുന്നതായി അയാൾക്ക് അനുഭവപ്പെട്ടു.
അയാൾ തന്റെ കോട്ടിന്റെ കോളർ പതുക്കെ ഉയർത്തി വെച്ചു.
ഏഴര കഴിഞ്ഞിട്ടും സൂര്യൻ മഞ്ഞിനെ ഭേദിച്ചു വന്നിരുന്നില്ല.
ഷാജിയേട്ടൻ ഇപ്പോൾ എവിടെയുണ്ടാകും?
തന്റെ പാപങ്ങൾ കുഴിച്ചുമൂടിയ ഈ മണ്ണിൽ കാലുകുത്തുമ്പോൾ, നതാഷയെക്കുറിച്ചുള്ള ചിന്തകൾ പോലും അയാളുടെ മനസ്സിൽ നിന്നും മാഞ്ഞുപോയി.
ആ ഹോസ്പിറ്റൽ കെട്ടിടം പതുക്കെ ഉണരുന്നേ ഉണ്ടായിരുന്നുള്ളൂ.
വരാന്തയുടെ അറ്റത്ത് ഒരു വൃദ്ധ നിലം തുടക്കുന്ന ശബ്ദം ആ നിശബ്ദതയിൽ വ്യക്തമായി കേൾക്കാം.
ഇടനാഴികളിലെ ആ പഴയ ഫിനോയിൽ ഗന്ധം മാത്യുവിന്റെ മൂക്കിലേക്ക് അടിച്ചു കയറി.
ആ മഞ്ഞിലും മരുന്നിന്റെ ഗന്ധം കലർന്ന കാറ്റ് അയാളെ ഭൂതകാലത്തിലേക്ക് വീണ്ടും പിടിച്ചു തള്ളി.
