സിറ്റിയിൽ നിന്നും ഗ്രാമീണതയിലേക്ക് എത്തിയതിന്റെ നവ്യാനുഭൂതി അവൻ ആവോളം നുകർന്നു. പാടത്തിൽ ട്രാക്ടർ കൊണ്ടു ഉഴുതുമറിക്കുന്ന ഏതോ ഒരു കർഷകൻ. അങ്ങിങ്ങായി കുറേ ഞാറു നടുന്ന സ്ത്രീ പുരുഷ ജനങ്ങൾ.
ഇതൊക്കെ കണ്ട് ആസ്വദിച്ചു അനന്തു ഇരുന്നു. ഒരു ചെറിയ കലുങ്ക് കയറി കാർ വലത്തോട്ടെക്ക് തിരിഞ്ഞപ്പോൾ റോഡ് സൈഡിൽ പ്രൗഢിയോടെ നിക്കുന്ന ഒരു മന അനന്തുവിന്റെ ശ്രദ്ധയിൽ പെട്ടു.
ഡ്രൈവറെ കണ്ടതും സെക്യൂരിറ്റി വലിയ ഗേറ്റ് മലർക്കനെ തുറന്നു.അതിൽ തേവക്കാട്ട് മന എന്ന് എഴുതപ്പെട്ടത് അവൻ സാകൂതം നോക്കി. ഡ്രൈവർ പജീറോ മനയുടെ മുൻപിലേക്ക് ഓടിച്ചു കൊണ്ടു വന്നു.
മുറ്റത്തു നിർത്തിയ അനേകം കാറുകൾക്കിടയിൽ അയാൾ പജീറോ കൊണ്ടു വന്നു നിർത്തി. അനന്തു മനയുടെ പുറംമോടി കണ്ടപ്പോഴേ ബോധം പോകുമെന്ന അവസ്ഥയിൽ ആയിരുന്നു.
ഇത്രയും വലിയൊരു വീട് അവൻ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത്.അത് ഒരു നാല് കെട്ട് ആണെന്ന് ഒറ്റ നോട്ടത്തിൽ അവനു മനസ്സിലായി.
മനയുടെ പൂമുഖത്തു കുറേ ആൾക്കാർ തടിച്ചു കൂടി നിൽക്കുന്നത് കണ്ടപ്പോഴേ അവനിൽ നേരിയ ഒരു ഭയം നിറഞ്ഞു നിന്നു. അവൻ ചുറ്റുപാടും ഒന്ന് നോക്കി.
മുറ്റത്തിന്റെ പലയിടത്തും നാളികേരവും അടക്കയും റബ്ബറും ഒക്കെ കൂട്ടിയിട്ടിരിക്കുന്നത് അവൻ കണ്ടു.വലിയ പണക്കാർ ആയിട്ടുപോലും തനി നാടൻ ശൈലിയിൽ ആണ് ഇവർ ജീവിക്കുന്നതെന്ന് ഡ്രൈവർ ചേട്ടൻ പറഞ്ഞതിന്റെ പൊരുൾ അപ്പോഴാണ് അവനു മനസ്സിലായത്.
ഈ സമയം മാലതി ആകെ വല്ലാത്ത ധർമ്മസങ്കടത്തിൽ ആയിരുന്നു. സ്വന്തം അമ്മയെ വർഷങ്ങൾക്ക് ശേഷം കാണുമ്പോ എങ്ങനെ അവർ പ്രതികരിക്കുമെന്ന് അവൾക്ക് ഒരു നിശ്ചയവുമില്ലായിരുന്നു.
എങ്കിലും പൂമുഖത്തു തടിച്ചു കൂടി നിൽക്കുന്നവരെ കണ്ടപ്പോൾ മാലതി സകലതും മറന്നു കാറിൽ നിന്നും വെളിയിലേക്കിറങ്ങി.
സാരിയുടെ കോന്തല കയ്യിൽ മുറുകെ പിടിച്ചു വിറയലോടെ അവൾ ശിവയുടെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു.പൂമുഖത്തു നിന്നവർ വെളിയിലേക്ക് വേഗം ഇറങ്ങി.
അമ്മയെ മുൻപിൽ കണ്ടതും മാലതിയ്ക്ക് സന്തോഷം കൊണ്ടു കണ്ണുകൾ ഈറനണിഞ്ഞു. ആ വൃദ്ധ മാതാവ് തന്റെ വയ്യായ്ക മറന്നു തന്റെ മകളെ കാണാൻ പുറത്തേക്ക് ഇറങ്ങി വന്നു.
“മോളെ”
ആ അമ്മ ഓടി പിടഞ്ഞു വന്നു മാലതിയെ ഇറുകെ പുണർന്നു പൊട്ടി കരഞ്ഞു.മാലതി വിതുമ്പികൊണ്ട് അവരെ കെട്ടിപിടിച്ചു.
“അ… അമ്മേ ”
എങ്ങി കരയുന്നതിനിടെ മാലതി വാക്കുകൾ പറയാൻ വിക്കി.
“ന്റെ പൊന്നു മോളെ എന്തിനാ ഈ അമ്മേനെ വിട്ടു പോയെ? അമ്മ കാത്തിരിക്കുവായിരുന്നു ഇത്രേം കാലം ന്റെ കുട്ടീനെ ഒരു നോക്ക് കാണാൻ. കണ്ണടയ്ക്കുന്നതിനു മുൻപ് ഒന്ന് കാണണെന്നാ കണ്ണനോട് പ്രാർത്ഥിച്ചേ. അവസാനം ന്റെ പ്രാർത്ഥന ഈശ്വരൻ കേട്ടൂലോ ”
ആ വൃദ്ധ അവളുടെ നെറുകയിൽ തഴുകി. മാലതി മാപ്പിരക്കുന്ന പോലെ അമ്മയുടെ കാലിലേക്ക് വീണു.
“അമ്മേ എന്നോട് ക്ഷമിക്കണേ ”
“ന്താ ന്റെ കുട്ടീ ഈ കാട്ടണേ. ന്റെ കുട്ടിയോട് ഈ അമ്മക്ക് സ്നേഹം മാത്രേ ഉള്ളു. ”
വൃദ്ധ മാതാവ് മാലതിയുടെ കവിളിൽ ചുംബിച്ചു.
Super broo adutha part
Vegam idumoo