”മായേ… നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലേ? അവൾ ഒരു കുഞ്ഞല്ലേ?” ഞാൻ കരഞ്ഞുകൊണ്ട് ചോദിച്ചു.
മായ എന്റെ തോളിൽ കൈവെച്ചു. “സീതേ, ഇവിടെ നീതിയും ന്യായവും പ്രതീക്ഷിക്കരുത്. ഇവിടെ നമ്മൾ വെറും ചരക്കുകൾ മാത്രമാണ്. നിനക്ക് അവളെ സഹായിക്കണമെന്നുണ്ടെങ്കിൽ അവൾക്ക് കുറച്ചു ആഹാരം കൊടുക്കാം. മനസ്സിന് ധൈര്യം കൊടുക്കാം. അല്ലാതെ ഈ പൂട്ടു തുറക്കാൻ നമുക്കാവില്ല.”
അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
എന്റെ ഗ്ലാസ്സിലെ വെള്ളത്തിന് പോലും ചോരയുടെ രുചി അനുഭവപ്പെട്ടു. രാത്രി പന്ത്രണ്ട് മണിയായപ്പോൾ എന്റെ മുറിയിലേക്ക് എപ്പോഴും വരാറുള്ള ഒരു വൃദ്ധൻ വന്നു. അയാൾ വലിയ പണക്കാരനാണ്. അധികം സംസാരിക്കാറില്ല.
അയാൾ എന്റെ അരികിലിരുന്നപ്പോൾ ഞാൻ ചോദിച്ചു, “സാറേ… അപ്പുറത്തെ മുറിയിൽ ഒരു കുഞ്ഞു പെൺകുട്ടിയുണ്ട്. അവൾ പരീക്ഷ എഴുതാൻ പോകേണ്ടവളാണ്. സാറിന് അവളെ സഹായിക്കാൻ പറ്റുമോ? അവളെ ഒന്ന് വീട്ടിൽ എത്തിക്കാമോ?”
അയാൾ എന്നെ ഒന്ന് നോക്കി. അയാളുടെ കണ്ണുകളിൽ ദയയുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ അയാൾ വെറുതെ ഒന്ന് ചിരിച്ചു.
”മോളേ… ഞാൻ ഇവിടെ വരുന്നത് സങ്കടങ്ങൾ കേൾക്കാനല്ല. സങ്കടങ്ങൾ മറക്കാനാണ്. ഓരോരുത്തർക്കും ഓരോ വിധി കാണും. അത് തടുക്കാൻ ആർക്കും പറ്റില്ല.”
ആ മറുപടി കേട്ടപ്പോൾ എനിക്ക് ഈ ലോകത്തോടുള്ള മുഴുവൻ വെറുപ്പും തോന്നി. പണമുള്ളവർക്ക് വികാരം വിൽക്കാൻ കഴിയും, പക്ഷേ പാവപ്പെട്ടവരുടെ കണ്ണീർ കാണാൻ കഴിയില്ല.
പിറ്റേന്ന് രാവിലെ ഞാൻ ആ പെൺകുട്ടിയുടെ മുറിക്ക് മുന്നിൽ ചെന്നു. അവളുടെ പേര് സുരഭിയെന്നാണെന്ന് ഞാൻ അറിഞ്ഞു. വാതിലിന്റെ വിടവിലൂടെ ഞാൻ വിളിച്ചു.
”സുരഭീ… പേടിക്കണ്ട. ചേച്ചി കൂടെയുണ്ട്.”
അകത്തുനിന്ന് അവളുടെ തേങ്ങൽ കേട്ടു. “ചേച്ചീ… എന്റെ അച്ഛൻ എന്നെ തിരിച്ചു കൊണ്ടുപോകാൻ വരുമോ? എനിക്ക് സ്കൂളിൽ പോകണം…”
