ജ്യേഷ്ഠൻ അഭിജിത്ത് വിസ്മയയുടെ നിഴലായിരുന്നു. സ്കൂൾ കഴിഞ്ഞു വന്നാൽ ഇരുവരും നേരെ പറമ്പിലെ ആ ചെറിയ അരുവിയിലേക്ക് ഓടും. അവിടെ വെള്ളത്തിലിരുന്ന് പരസ്പരം തമാശകൾ പറഞ്ഞും വെള്ളം തെറിപ്പിച്ചും അവർ മണിക്കൂറുകൾ ചിലവഴിക്കും. വിസ്മയയുടെ കുസൃതിത്തരങ്ങൾ കണ്ട് അഭിജിത്ത് ചിരിക്കുമ്പോൾ, ആ കണ്ണുകളിൽ അവളോടുള്ള വല്ലാത്തൊരു വാത്സല്യം കാണാമായിരുന്നു
അഭിജിത്തിന്റെ പ്ലസ് 2 ക്ലാസ് പരീക്ഷാഫലം വന്ന അന്ന് വൈകുന്നേരം രാഘവൻ എല്ലാവരെയും പൂമുഖത്തേക്ക് വിളിച്ചു. പുറത്ത് പതുക്കെ മഴ ചാറുന്നുണ്ടായിരുന്നു.
”അഭിജിത്ത് നല്ല മാർക്കോടെ പാസ്സായിരിക്കുന്നു. ഇനി അവന് നല്ലൊരു കോളേജ് വേണം. ഈ ഗ്രാമത്തിൽ നിന്നാൽ അവൻ ഇത്രയൊക്കെയേ വളരൂ. നമുക്ക് സിറ്റിയിലേക്ക് മാറാം,” രാഘവൻ തന്റെ തീരുമാനം അറിയിച്ചു.
അമ്മ സരസ്വതിക്ക് തന്റെ നാട്ടിലെ സൗഹൃദങ്ങൾ ഉപേക്ഷിക്കുന്നതിൽ ചെറിയൊരു വിഷമം തോന്നിയെങ്കിലും രാഘവന്റെ വാക്കുകൾ അവൾക്ക് എന്നും നിയമമായിരുന്നു. “നിങ്ങൾ പറയുന്നത് ശരിയാ… മക്കളുടെ ഭാവി ആണല്ലോ വലുത്,” അവൾ ശരിവെച്ചു.
പതിമൂന്നു വയസ്സുകാരിയായ വിസ്മയയ്ക്ക് ആ വാർത്ത
വല്ലാത്തൊരു ആവേശം നൽകി. സിറ്റിയിലെ മാളുകളും വലിയ സ്കൂളുകളും സിനിമകളുമൊക്കെ അവളുടെ സ്വപ്നങ്ങളിൽ നിറഞ്ഞു. എന്നാൽ അഭിജിത്ത് മാത്രം അല്പം മൗനത്തിലായിരുന്നു. തന്റെ ഗ്രാമത്തിലെ കളിക്കൂട്ടുകാരെയും ആ അരുവിയെയും വിട്ടുപോകുന്നതിൽ അവന് വിഷമമുണ്ടായിരുന്നു.
യാത്ര തിരിക്കുന്ന അന്ന് വിസ്മയ ആ പഴയ തറവാടിന്റെ ഓരോ കോണും ഒന്നുകൂടി കണ്ടു. മുറ്റത്തെ ആ വലിയ മാവിൻ ചുവട്ടിൽ നിന്ന് അവൾ ഒരു മാങ്ങ പെറുക്കിയെടുത്തു. “നമുക്ക് അവിടെയും ഇതുപോലെ മാവ് വെക്കാമടാ,” അഭിജിത്ത് അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.
