“ഡാഡി വന്നു “
” ആ കാർ? “
“ACP രേണുകാ മേഡത്തിന്റെയാ “
സാറ തുടർന്നു.
“ബോധം വരുമ്പോൾ ഞാൻ ഒരു ഇരുട്ടുമുറിയിലെ തറയിലായിരുന്നു. അസഹനീയമായ തണുപ്പും. കൈകാലുകൾ അനക്കാൻ വയ്യായിരുന്നു.
ഞാനല്ലാതെ ആ മുറിയിൽ ആരോ ഉണ്ടെന്നു ബോധ്യമായി അത് ഡാഡിയായിരുന്നു. എന്നെ പോലെ ഡാഡിയുടേയും കൈകാലുകൾ കെട്ടിയിട്ടിരുന്നു. ബോധം മറഞ്ഞിരിക്കുന്ന ഡാഡിക്കരികിലേക്ക് തറയിൽ വീണു കിടക്കുന്ന കരിയിലകൾക്കു മീതേക്കൂടി ഞാനിഴഞ്ഞു ചെന്നു.തണുപ്പ് കൂടി കൂടി വന്നു. പതിയെ കാഴ്ച്ചയിലേക്ക് വന്നു. മേലെ തുറന്ന് കിടക്കുന്ന ഒരു ജയിൽ മതിലു പോലെ തോന്നിയ പഴയ വീട്. നേരം പുലർന്നപ്പോഴേക്കും പപ്പ ഉണർന്നു. എന്റെ തലയിൽ കുത്തിയ സ്റ്റീൽ ക്ലിപ്പിന്റെ സഹായത്തോടെ ഞങ്ങൾ പരസ്പരം തിരിഞ്ഞിരുന്നു കൈയിലെ കെട്ടുകളഴിച്ചു.കാലിൽ കൂടി ചോരയൊലിക്കുന്നത് കണ്ടാണ് നോക്കിയത് തറയിൽ പലയിടത്തും അട്ടകൾ . അറച്ചിട്ട് ഉറക്കെ ശബ്ദിക്കാൻ കഴിയാതെ ഞാനിരുന്നപ്പോൾ ഡാഡിയുടെ കണ്ണിനു താഴെ ഒരട്ട തടിച്ചു വീർത്തു തൂങ്ങിക്കിടക്കുന്നത് കണ്ടത്. പറിച്ചെറിയാൻ തുനിഞ്ഞപ്പോൾ ഡാഡി വിലക്കി.
‘അത് സ്വയം വീണു പോവു’
മെന്ന്.
ദേഹത്ത് പലയിടത്തു നിന്നും ചോരയൊലിക്കുന്നുണ്ടായിരുന്നു അട്ടകൾ കാരണം. രക്തം വാർന്ന് മരിക്കാൻ ഇത് തന്നെ ധാരാളം എന്നുറപ്പായിരുന്നു. ഡാഡിക്ക് നേരെ നിൽക്കാൻ പോലും വയ്യായിരുന്നു. സൂര്യരശ്മികൾ ചെറുതായി കടന്നു വരുന്ന ആ മുറിയുടെ വാതിൽ ഞങ്ങൾ കുറേ നേരത്തെ പരിശ്രമം കൊണ്ടു തുറന്നു.
കാട്ടിനു നടുവിലുള്ള ഒരു ഇടിഞ്ഞു പൊളിഞ്ഞ വീട്ടിനകത്തായിരുന്നു ആ മുറി. അതിന്റെ പുറത്ത് ചത്തു കിടക്കുന്ന ഒരു കാട്ടുപോത്തിന്റെ മുക്കാലും ഏതോ ജീവികൾ തിന്നു തീർത്തിരുന്നു. മാംസം കത്തുന്ന ഗന്ധം മൂക്കിലടിച്ചപ്പോൾ ഞാൻ ചുറ്റുപാടുകൾ നോക്കി തെല്ല് മാറി മുട്ടോളമെത്തുന്ന ഷൂ ധരിച്ച് ഒരാൾ പുറം തിരിഞ്ഞ് നിൽക്കുകയായിരുന്നു. അയാൾക്കു മുമ്പിൽ കത്തിയമരുന്ന ഒരു മനുഷ്യ ശരീരം…..”
സാറ കിതയ്ക്കാൻ തുടങ്ങി. സോഫിയ ജൂസെടുത്ത് സാറയ്ക്ക് നൽകി. ഒറ്റ വലിയ്ക്കവളത് കുടിച്ചു തീർത്തു. സാറയുടെ
നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുതുള്ളികൾ കസേരയിൽ കിടന്ന ടർക്കിയാൽ സോഫി ഒപ്പിയെടുത്തു .
സാറ തുടർന്നു
” പിന്തിരിഞ്ഞു നിന്നയാൾ എന്തോ ചുരുട്ടി പിന്നിലേക്കെറിഞ്ഞു. അത് വന്ന് വീണത് ഡാഡിയുടെ മുഖത്താ. ഡാഡിയത് തുറന്നു നോക്കി.
‘അർജ്ജുൻ ‘
എന്ന് മന്ത്രിച്ചു. അത് പോസ്റ്റ്മോർട്ടത്തിനിടുന്ന ബോഡിയിൽ കെട്ടുന്ന ടാഗ് ആയിരുന്നു. ഡാഡിയുടെ കണ്ണുകളിൽ ഭയം വല്ലാതെ ഞാൻ കണ്ടു. ഡാഡി എന്നെ കൈകളാൽ പിന്നിലേക്ക് മാറ്റി നിർത്തി തറയിൽ നിന്നും ഒരു വലിയ കല്ലെടുത്തു മുന്നോട്ട് കുതിച്ചതും അയാൾ ഞങ്ങളെ കണ്ടതും ഒരേ നിമിഷം. ഡാഡിക്കെന്തെങ്കിലും ചെയ്യാൻ കഴിയും മുന്നേ അയാൾ ഡാഡിയെ കഴുത്തിന് പിടിച്ച് വീടിന്റെ ചുവരിനോട് ചേർത്ത് പൊക്കി. ഡാഡിയുടെ കാലുകൾ വായുവിൽ കിടന്നു പിടയുന്നത് കണ്ടാണ് ഞാനയാളെ പിടിച്ചുന്തിയത്. അയാളുടെ പിടിവിട്ട് ഡാഡി തറയിൽ വീണു. അയാളുടെ കാലു തട്ടി പെട്രോൾ നിറച്ച കന്നാസ് മറിഞ്ഞു അയാളതിന്റെ മീതേക്ക് വീണതും അജുവിന്റെ ബോഡിയിലെ തീ അയാളുടെ ദേഹത്തേക്ക് പടർന്നതും ഒരേ നിമിഷം. അഗ്നിവിഴുങ്ങിയ ദേഹവുമായയാൾ എനിക്ക് നേരെ ഓടി ഞാൻ തിരിഞ്ഞോടിയപ്പോൾ രണ്ട് മുട്ടുകാലിനു താഴെയും ഒരു വൈദ്യുത് പ്രവാഹം പോലെ തോന്നി. തുടർന്ന് ഞാൻ ഏതോ കുഴിയിലേക്ക് എടുത്തെറിയപ്പെട്ടു.തലയെവിടെയോ ഇടിച്ചു, മറഞ്ഞു പോകുന്ന ബോധത്തിനിടയിലും ഡാഡിയുടെ മോളെ എന്ന വിളി ഞാൻ കേട്ടിരുന്നു.”
കണ്ണു തുറക്കുമ്പോൾ ഞാൻ ഏതോ ആശുപത്രിയിലാണ്. ടേബിളിൽ തല ചായ്ച്ച് പുറം തിരിഞ്ഞിരുന്നുറങ്ങുന്ന ഒരു നഴ്സ് മാത്രമുണ്ട് മുറിയിൽ.ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷേ കഴിയുന്നില്ലായിരുന്നു.എന്റെ ശബ്ദം കേട്ട് നഴ്സുണർന്നു. ഡാഡിയെയും മമ്മിയെയും കാണണമെന്ന് ഞാൻ വാശി പിടിച്ചു ഡാഡിക്ക് അപകടമെന്തോ പറ്റിയതായി എന്റെ മനസ് മന്ത്രിച്ചു. അവർ പുറത്തുണ്ടെന്ന വാദമൊന്നും ഞാൻ ചെവികൊണ്ടില്ല.
കട്ടിലിൽ നിന്നും ഇറങ്ങാൻ ശ്രമിച്ച എനിക്കൊരു കാര്യം മനസിലായി എന്റെ രണ്ടു കാലുകളും ചലനമറ്റിരിക്കുകയാണെന്ന്. പുതപ്പു മാറ്റി നോക്കിയ ഞാൻ കരയാൻ പോലും കഴിയാതെ മരവിച്ചിരുന്നു.എന്റെ ഇടതുകാൽ മുട്ടിനു താഴെ വെറും ശൂന്യമായിരുന്നു.”
Ethinte PDF kitto