സൈബര്‍ ലോകത്തെ ഒളിഞ്ഞുനോട്ടങ്ങള്‍ 196

സൈബര്‍ ലോകത്തെ ഒളിഞ്ഞുനോട്ടങ്ങള്‍

പ്രണയബദ്ധരായി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ കാമുകന്‍ തന്റെ ഇ – മെയിലില്‍ പാസ്‌വേര്‍ഡും യൂസര്‍ നെയിമും ചോദിച്ചപ്പോള്‍ കാമുകിക്ക് അസ്വഭാവികമായി ഒന്നും തോന്നിയില്ല. തന്നെ ജീവനുതുല്യം സ്‌നേഹിക്കുന്ന കാമുകന്റെ കരുതലിന്റെ ഭാഗമായി മാത്രമേ അവളത് എടുത്തുള്ളൂ. ഇതുകൊണ്ടുതന്നെ ഇ – മെയിലിന്റെ വിശദാംശങ്ങള്‍ കാമുകന് പറഞ്ഞുകൊടുക്കാന്‍ അവള്‍ക്കൊട്ടും മടിയുണ്ടായില്ല.

ഒരാഴ്ച കഴിഞ്ഞ് അപരിചിതമായ ഒരു ഇ – മെയില്‍ വിലാസത്തില്‍ നിന്ന് അവള്‍ക്ക് നിരന്തരം സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. സൗഹൃദത്തിന്റെ സ്വഭാവമുള്ള സന്ദേശങ്ങളായിരുന്നു അവയെല്ലാം. അവളുടെ സമപ്രായം വരുന്ന ഒരു യുവാവ് എന്ന് പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു സന്ദേശങ്ങള്‍ ആരംഭിച്ചത്.

സ്വന്തം ജീവിതത്തിലെ ദുഃഖങ്ങള്‍ പങ്കുവച്ചുകൊണ്ടു തുടങ്ങിയ ആ സന്ദേശത്തെ അവള്‍ ആദ്യം അവഗണിച്ചു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും നിരന്തരം സന്ദേശങ്ങള്‍ വരാന്‍ തുടങ്ങിയതോടെ അയാള്‍ ആരെന്നറിയാന്‍ അവള്‍ക്കും താല്‍പര്യമായി. ആ സന്ദേശങ്ങള്‍ക്ക് അവള്‍ മറുപടി അയച്ചു തുടങ്ങി.

സൗഹൃദത്തിന്റെ സ്വഭാവമുണ്ടായിരുന്ന സന്ദേശങ്ങളുടെ രീതി മാറാന്‍ അധികകാലമെടുത്തില്ല. തമാശ നിറഞ്ഞ സന്ദേശങ്ങള്‍ക്കൊടുവില്‍ ഒരുനാള്‍ അയാള്‍ ഒരു അശ്ലീല വീഡിയോയുടെ ലിങ്ക് അവള്‍ക്ക് അയച്ചു. അവള്‍ക്ക് ആ വീഡിയോ ഇഷ്ടപ്പെടുകയും ചെയ്തു. ”എങ്ങനെയുണ്ടായിരുന്നു ഞാനയച്ച വീഡിയോ…?” അയാളുടെ ചോദ്യത്തിന് ‘ഗംഭീരം’ എന്നവള്‍ മറുപടി നല്‍കി. അതോടെ കൂടുതല്‍ അശ്ലീല രംഗങ്ങള്‍ അയാള്‍ അയച്ചുകൊടുത്തു.

ദിവസങ്ങള്‍ക്കുള്ളില്‍ സമ്പൂര്‍ണമായൊരു അശ്ലീല ചാറ്റിന്റെ സ്വഭാവത്തിലേക്ക് ആ ബന്ധം പരിണമിക്കുകയായിരുന്നു. പകല്‍ സമയത്തെ ഇടവേളകളില്‍ കാമുകനോടൊപ്പം സമയം ചെലവഴിച്ചിരുന്ന പെണ്‍കുട്ടി രാത്രി സമയത്ത് അപരിചിതനോടൊപ്പം ദീര്‍ഘനേരം ഇ – മെയിലിലൂടെ ആശയവിനിമയം നടത്തുന്നു.

ഒരു മാസത്തിനു ശേഷം കാമുകന്‍ ആവശ്യപ്പെട്ടതനുസരിച്ച് പെണ്‍കുട്ടി അയാളെ കാണാന്‍ നഗരത്തിലെ മുന്തിയ ഹോട്ടലിലെത്തി. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം കാമുകന്‍ സംഭാഷണമാരംഭിച്ചു. ”നിനക്കിപ്പോള്‍ എന്നോട് പഴയപോലെ സ്‌നേഹമില്ലല്ലോ.

വൈകുന്നേരമൊക്കെ ഞാന്‍ വിളിക്കുമ്പോള്‍ തിരക്കിലാണ് എന്നു നീ പറഞ്ഞൊഴിയുകയാണല്ലോ. എന്താ നിനക്കെന്നെ ഇഷ്ടമല്ലേ…?” ചോദ്യം ഒരുനിമിഷം അവളെ നിശബ്ദയാക്കി. ”എന്താ നീ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്? നീയെന്റെ ജീവനാണ്. നീയില്ലാതെയൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമെനിക്ക് കഴിയില്ല.”

ഈ മറുപടി കേട്ട കാമുകന്‍ ഉറക്കെ ചിരിച്ചു. ബാഗ് തുറന്ന് ഒരു കെട്ട് കടലാസുകളെടുത്ത് പെണ്‍കുട്ടിയുടെ നേര്‍ക്ക് നീട്ടി. ”എന്താ ഇത്?” അയാള്‍ ചോദിച്ചു. കടലാസുകള്‍ മറിച്ചുനോക്കിയ പെണ്‍കുട്ടി ഞെട്ടിവിയര്‍ത്തു.

താന്‍ കഴിഞ്ഞ ഒരു മാസമായി അപരിചിതനായ വ്യക്തിയുമായി നടത്തിയ ലൈംഗിക ചുവയുള്ള ഇ മെയില്‍ സന്ദേശങ്ങളുടെ സമ്പൂര്‍ണമായ പ്രിന്റ് ഔട്ട്! ”ഇതെങ്ങനെ നിന്റെ കയ്യിലെത്തി?” അവളുടെ തളര്‍ന്ന ചോദ്യം കേട്ട് കാമുകന്‍ ഉറക്കെ ചിരിച്ചു.

യുവതിയുടെ ഇ – മെയിലിന്റെ യൂസര്‍നെയിമും പാസ്‌വേര്‍ഡും കാമുകന്‍ കൈവശപ്പെടുത്തിയത് പ്രത്യേക ഉദ്ദേശത്തോടെയായിരുന്നു. അതു കിട്ടിയ ഉടനെ അയാള്‍ ഒരു വ്യാജ ഇ മെയില്‍ ഐ.ഡി ഉണ്ടാക്കി ഒരാഴ്ച കഴിഞ്ഞപ്പോള്‍ അതില്‍ നിന്ന് കാമുകിക്ക് സന്ദേശങ്ങള്‍ അയച്ചു തുടങ്ങി.

അവള്‍ക്ക് ലഭിച്ച അജ്ഞാത ഇ – മെയില്‍ സന്ദേശങ്ങളെല്ലാം യഥാര്‍ഥത്തില്‍ അയച്ചത് വ്യാജ ഐ.ഡിയില്‍ നിന്ന് കാമുകന്‍ തന്നെയായിരുന്നു. കാമുകി തന്നോട് വിശ്വാസ്യത പുലര്‍ത്തുന്നുണ്ടോ എന്നറിയാന്‍ അയാള്‍ സ്വീകരിച്ച വളഞ്ഞ വഴിയായിരുന്നു അത്.

വ്യാജ ഐ.ഡിയില്‍ നിന്ന് താനയച്ച അശ്ലീല സന്ദേശങ്ങള്‍ ആസ്വദിച്ച് സെക്‌സ് ചാറ്റ് ചെയ്യാന്‍ അവള്‍ തയാറായതോടെ അയാള്‍ക്ക് അവളോടുള്ള താല്‍പര്യം നശിച്ചു. ”ആരു ശ്രമിച്ചാലും എളുപ്പം വഴങ്ങിക്കൊടുക്കുന്ന നിന്നെപ്പോലൊരു വേശ്യയെ എനിക്കു വേണ്ട.” അയാള്‍ ആ ബന്ധത്തിന് അവിടെ വിരാമമിട്ടു.

ഒളിഞ്ഞു നോട്ടത്തിന്റെ വളര്‍ച്ചയും വികാസവും

മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാനുള്ള പ്രവണത മനുഷ്യ സമൂഹത്തിന്റെ പ്രാരംഭ ഘട്ടം മുതല്‍തന്നെ നിലവിലുണ്ടായിരുന്നു. എന്നാല്‍ ദൃശ്യമാധ്യമങ്ങളും ഇന്റര്‍നെറ്റും സജീവമായതോടെ ഈ പ്രവണത പുതിയ തലങ്ങളിലേക്ക് കടന്നു. ടെലിവിഷനില്‍ റിയാലിറ്റി ഷോ എന്ന പേരില്‍ അരങ്ങേറുന്ന ചില പരിപാടികളെങ്കിലും മനുഷ്യന്റെ ഒളിഞ്ഞുനോട്ടവാസനയെ പരിപോഷിപ്പിക്കാന്‍ പ്രാപ്തമായവയാണ്.
ദാമ്പ്യത്യ ബന്ധത്തിലെ പൊരുത്തക്കേടുകള്‍ ചര്‍ച്ചചെയ്യുന്ന പരിപാടികള്‍ക്കും ഒരു വീട്ടിനുള്ളില്‍ കുറച്ചുപേര്‍ ഒരുമിച്ചു താമസിക്കുമ്പോഴുണ്ടാകുന്ന കാര്യങ്ങള്‍ ‘ലൈവ്’ ആയി ചിത്രീകരിച്ച് അവതരിപ്പിക്കുന്ന പരിപാടികളുമൊക്കെ പ്രേക്ഷകന്റെ ഒളിഞ്ഞു നോട്ടവാസനയെ പരമാവധി ചൂഷണം ചെയ്യാന്‍ കഴിയുന്ന രീതിയില്‍ തന്നെയാണ് തയാറാക്കപ്പെട്ടിട്ടുള്ളത്. ഇന്റര്‍നെറ്റ് മലയാളിയുടെ ജീവിതത്തിലെ സജീവസാന്നിധ്യമായതോടെ ഒളിഞ്ഞുനോട്ട സ്വഭാവം കാടുകയറുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്.
വെബ് കാമറ ഉപയോഗിച്ച് ചാറ്റ് ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ സ്വകാര്യത കാണാന്‍ കഴിയുന്നത് ആദ്യകാലങ്ങളില്‍ ഒരുപാട് പേരെ ഇതുപയോഗിക്കാന്‍ പ്രേരിപ്പിച്ചിരുന്നു. തുടര്‍ന്ന് സാമൂഹമാധ്യമങ്ങള്‍ അടക്കം രംഗത്തു വന്നതോടെ അപവാദങ്ങളും പരദൂഷണങ്ങളും വലിയൊരു സമൂഹത്തിന് മുന്നില്‍ വിളമ്പാനും, പരസ്യമായി വിഴുപ്പലക്കാനും ഒരു പരിധിവരെ അന്യരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാനുള്ള അവസരം ഓരോരുത്തര്‍ക്കും കൈവന്നു.

സാങ്കേതിക വിദ്യയുടെ, വിശേഷിച്ച് ഇന്റര്‍നെറ്റിന്റെ കടന്നുവരവ് മനുഷ്യ ജീവിത്തില്‍ പ്രധാനമായും മൂന്നുതരം മാറ്റങ്ങളാണുണ്ടാക്കിയത്. ഒന്നാമത്തേത് നിമിഷാര്‍ദ്ധം കൊണ്ടുതന്നെ വിജ്ഞാനം ശേഖരിക്കാനും ആശയവിനിമയം നടത്താനുമുള്ള സൗകര്യമാണ്.

എന്നാല്‍ ഈ സൗകര്യം തന്നെയാണ് നിത്യജീവിതത്തില്‍ കഠിനമായ സമ്മര്‍ദത്തിനു കാരണമാകുന്നതെന്ന് വേറെ കാര്യം. രണ്ടാമതായി വ്യക്തിബന്ധങ്ങളുടെ തീവ്രതയും ഊഷ്മളതയും കുറഞ്ഞെങ്കിലും ജീവിതത്തിന്റെ കാര്യക്ഷമത ഏറെ വര്‍ധിപ്പിച്ചു.

മൂന്നാമതായി, ഒരു സമൂഹമെന്നനിലയില്‍ നാം ഏറെ ശക്തികരിക്കപ്പെട്ടെങ്കിലും വ്യക്തിപരമായി ഓരോരുത്തരും ഏറെ ദുര്‍ബലരായിരിക്കുന്നു. മേല്‍പ്പറഞ്ഞ വസ്തുതകള്‍ ജീവിതത്തില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളായിരിക്കാം സൈബര്‍ ഇടങ്ങളിലെ ഒളിഞ്ഞുനോട്ട പ്രവണതയ്ക്കു വളമായി മാറുന്നത്.

ആത്മബന്ധമെന്ന മിഥ്യ

ഇന്റര്‍നെറ്റിന്റെ കടന്നുവരവ് നമ്മുടെ ജീവിതം അനായാസമാക്കിയെങ്കിലും ജീവിതത്തിലെ തിരക്ക് വര്‍ധിക്കാനും അത് കാരണമായിട്ടുണ്ട്. ഈ തിരക്കില്‍ നിന്നൊരു മോചനം വേണമെന്ന
ആഗ്രഹം പലര്‍ക്കുമുണ്ടെങ്കിലും ആ ആശ്വാസത്തിനു വേണ്ടി അധികം സമയം പാഴാക്കാനില്ലതാനും.
ശാരീരിക വ്യായാമം, വൈകുന്നേരത്തെ സൗഹൃദക്കൂട്ടായ്മകള്‍, പുസ്തകം വായന, ഗൗരവമുള്ള കലാ – സാംസ്‌കാരിക – രാഷ്ട്രീയ ചര്‍ച്ചകള്‍ എന്നിവയ്‌ക്കൊന്നും സമയമില്ലാതെ വരുന്ന ഇന്നത്തെ തലമുറയ്ക്ക് വളരെ വേഗം സന്തോഷം കിട്ടുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാനായിരിക്കും താല്‍പര്യം.
മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഇന്റര്‍നെറ്റ് വഴി ഒളിഞ്ഞുനോക്കുന്നത് ഇത്തരത്തില്‍ ക്ഷണനേരം കൊണ്ട് ആനന്ദം ലഭിക്കുവാന്‍ സാധ്യതയുള്ള കാര്യമാണ്. കടുത്ത മത്സരബുദ്ധി നിറഞ്ഞു നില്‍ക്കുന്ന ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം പലപ്പോഴും നമ്മളെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അകറ്റിക്കൊണ്ടിരിക്കുകയാണെന്നതാണ്
സത്യം.

യഥാര്‍ഥ ജീവിതത്തില്‍ മറ്റൊരു വ്യക്തിയുമായി ആത്മബന്ധം സ്ഥാപിക്കണമെങ്കില്‍ മുഖാമുഖ സംഭാഷണം അനിവാര്യമാണ്. സംഭാഷണത്തിനു പുറമെ മുഖഭാവം, നോട്ടം, ചിര, വൈകാരിക പ്രകടനങ്ങള്‍, ശാരീര ഭാഷ എന്നിവയൊക്കെ ഈ ആത്മബന്ധം സ്ഥാപിക്കാന്‍ സഹായകരമാണ്.

ഇതിലൂടെ അടുത്തിരിക്കുന്നയാളെ കൂടുതല്‍ മനസിലാക്കാന്‍ നമുക്ക് സാധിക്കുന്നു. എന്നാല്‍ സൈബര്‍ ചാറ്റിംഗില്‍ ഈ ഘടകങ്ങളൊന്നും ഉണ്ടാകുന്നില്ല. അക്ഷരങ്ങള്‍ സ്‌ക്രീനില്‍ തെളിയുമ്പോഴുണ്ടാകുന്ന ബന്ധം മാത്രമാണിവിടെ. ശബ്ദമോ, മുഖഭാവമോ ഒന്നുമില്ല. ഇത്തരത്തില്‍ വികസിക്കുന്ന ബന്ധങ്ങളെന്നും യഥാര്‍ഥമായ വൈകാരിക ബന്ധങ്ങളല്ല.

അത്തരത്തിലൊരു ബന്ധമുണ്ടെന്ന മിഥ്യാബോധം മാത്രമാണ് ഇതുവഴി മനസിലുണ്ടാകുന്നത്. വൈകാരികമായ സത്യസന്ധത ഈ ബന്ധങ്ങളില്‍ കുറവായതുകൊണ്ടു തന്നെ മറ്റേയാളുടെ
സ്വകാര്യതയിലേക്ക് അയാളറിയാതെ എത്തിനോക്കി ഗൂഢമായ ആഹ്‌ളാദമനുഭവിക്കാനുള്ള സാധ്യത ഇവിടെ കൂടുതലായി പ്രയോജനപ്പെടുത്തപ്പെടുന്നുണ്ട്.

ബന്ധങ്ങള്‍ ദൃഢമാക്കാം

സൈബര്‍ ലോകത്തിലെ ബന്ധങ്ങള്‍ക്ക് അടിമപ്പെട്ട് കഴിയുന്ന സ്ഥിതി ഒഴിവാക്കണമെങ്കില്‍ നിത്യജീവിതത്തിലെ സാമൂഹ്യബന്ധങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടത് ആവശ്യമാണ്.
വ്യക്തി ബന്ധങ്ങളില്‍ അത് സൗഹൃദമാകട്ടെ, പ്രണയമാകട്ടെ, ദാമ്പത്യ ബന്ധമാകട്ടെ സത്യസന്ധത പുലര്‍ത്തേണ്ടത് അത്യാവശ്യ കാര്യമാണ്. പലപ്പോഴും ഈ സത്യസന്ധത പുലര്‍ത്തുന്നതിന് ഏറ്റവും തടസം സൃഷ്ടിക്കുന്നത് സൈബര്‍ അടിമത്തവും അതേത്തുടര്‍ന്നുണ്ടാകുന്ന ‘ബന്ധങ്ങളു’മാണ്.

ദിവസേന നിശ്ചിത സമയം മാത്രം സൈബര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച ശേഷം കൂടുതല്‍ സമയം വ്യക്തി ബന്ധങ്ങള്‍ വികസിപ്പിക്കാന്‍ ചെലവിടുന്നത് ഈ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ നമ്മെ സഹായിക്കും.

The Author

harihar

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *